മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ സമ്രത എന്ന ഗ്രാമത്തിലെ സന്ധ്യയാദവ് എന്ന യുവതിയാണ് മണ്ണും ചെളിയും വെള്ളക്കെട്ടും നിറഞ്ഞ ഊടുവഴികളിലൂടെ
ആറ് കിലോമീറ്റര്‍ ദൂരം നടന്നത്. പിറക്കാന്‍ തയ്യാറെടുക്കുന്ന ഒരു കുഞ്ഞുജീവനെയും ചുമന്ന് ഇഴഞ്ഞും ഏന്തി വലിഞ്ഞുമാണ് ഈ ദൂരമത്രയും സന്ധ്യയാദവ് നടന്നുതീര്‍ത്തത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ജനനി എക്‌സ്‌പ്രസ് എന്ന
ആംബുലന്‍സിന്റെ സഹായം തേടിയെങ്കിലും വഴി മോശമായതിനാല്‍ അവര്‍ വരാന്‍ വിസമ്മിതിച്ചു. തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ യുവതിയുമൊത്ത് ആശുപത്രിയിലേക്ക് നടക്കാന്‍ തീരുമാനിച്ചത്.
മൂന്ന് മണിക്കൂര്‍ നടന്ന് ആശുപത്രിയിലെത്തിയ സന്ധ്യ സുഖ പ്രസവത്തിലൂടെ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. സംഭവം വാര്‍ത്തയായതോടെ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് ആരോഗ്യവകുപ്പ് അറിയിച്ചു. ഒറീസയിലെ കലഹന്തിയില്‍ യുവാവ് ഭാര്യയുടെ മൃതദേഹം ചുമന്നു നടന്നത് വാര്‍ത്തായതിനു പിന്നാലെയാണ് ആരോഗ്യ മേഖലയിലെ അലംഭാവത്തിന്റേയും പാവപ്പെട്ടവരോടുളള അവഗണനയുടേയും നേര്‍ക്കാഴ്ചയായി പുതിയ സംഭവവും പുറത്തു വന്നത്.
