സിപിഎം നേതാവടക്കമുള്ളവര്‍ ഗർഭിണിയെ ആക്രമിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
കോഴിക്കോട്: സിപിഎം നേതാവടക്കമുള്ളവര് ഗർഭിണിയെ ആക്രമിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു ഗർഭിണിയായ ജ്യോത്സ്നയെ ആക്രമിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ച കേസ്, കുടുംബത്തിന് നേരെയുള്ള ഭീഷണി, കുട്ടിക്ക് നേരെയുള്ള അതിക്രമം എന്നിങ്ങനെ മൂന്ന് കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരുടെ വീട്ടിലെത്തി മൊഴി എടുത്തു. ലോക്കൽ പൊലീസ് അന്വേഷണത്തിൻ തൃപ്തിയില്ലെന്ന് ജ്യോത്സ്നയും കുടുംബവും വ്യക്തമാക്കിയിരുന്നു.
ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള സിപിഎം പ്രവർത്തകർക്കെതിരെ നൽകിയ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട് ഭീഷണി പെടുത്തുന്നുവെന്ന് കുടുംബം പരാതി ഉയർത്തുകയും ചെയ്തു. കുടുംബത്തിന് സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു എന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ നിരീക്ഷിക്കുകയും ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷന് മുന്നിൽ ഹാജരാകാൻ നിർദ്ദേശവും നൽകിയിരുന്നു. ജോത്സ്നയെ ആക്രമിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം ആറ് പേർ അറസ്റ്റിലായിരുന്നു. ജോത്സ്നക്കും കുടുംബത്തിനും പിന്തുണ പ്രഖ്യാപിച്ച് ബി ജെപിയും കോൺഗ്രസും പ്രതിഷേധ സമരവും നടത്തിയിരുന്നു.
