മലപ്പുറം: കുറ്റിപ്പുറത്ത് കോളറബാക്ടീരിയയുടെ സാന്നിദ്ധ്യം പരിശോധനയില്‍ സ്ഥീരീകരിച്ചു. ഓടയില്‍ നിന്നെടുത്ത വെള്ളത്തിലാണ് ബാക്ടീരിയ സാന്നിദ്ധ്യമുള്ളത്. അതേ സമയം പഞ്ചായത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് കോളറക്ക് കാരണമെന്ന് ആരോഗ്യ വകുപ്പ് കുറ്റപ്പെടുത്തി.

കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകളില്‍ മൂന്നെണ്ണത്തിലാണ് രോഗ കാരണമായ വിബ്രിയോ കോളറ ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. കിണറുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ബാക്ടീരിയ സാന്നിദ്ധ്യമില്ലെന്നും ഓടകളില്‍ മാത്രമാണ് ബാക്ടീരിയ ഉള്ളതെന്നുമാണ് പരിശോധനാ ഫലങ്ങള്‍ പറയുന്നത്. മഴപെയ്ത് ഈ ഓടകള്‍ നിറഞ്ഞൊഴുകി ഹോട്ടലുള്‍പ്പെടെ കെട്ടിടങ്ങളിലേക്ക് വെള്ളം കയറിയിരുന്നു. അങ്ങനെയാകാം രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്. മഹാമാരികള്‍ പടരുന്ന സാഹചര്യത്തിലും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് തുടരുന്നത് തികഞ്ഞ അനാസ്ഥയാണെന്ന് ആരോഗ്യ വകുപ്പ് കുറ്റപ്പെടുത്തി.

രോഗാണു കണ്ടെത്തിയ അഴുക്കു ചാലുകള്‍ ഭാരതപുഴയിലേക്ക് ആണ് ഒഴുകുന്നതെന്നതിനാല്‍ ഏറെ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പുഴയില്‍ കുളിക്കരുത്. അതേ സമയം രോഗാണുസാന്നിദ്ധ്യം സ്ഥിരീകരിക്കുമ്പോഴും നഗരം ശുചീകരിക്കുന്ന കാര്യത്തില്‍ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥ തുടരുകയാണ്.

കോളറ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഴുക്കുചാല്‍ ചേരുന്നിടത്തുള്ള കുടിവെള്ള പദ്ധതി താല്കാലികമായി നിര്‍ത്തിയിരുന്നു. പക്ഷേ നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ഭാരതപ്പുഴയെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ നഗരം ശുചീകരിക്കാനുള്ള അടിയന്തിര ഇടപെടല്‍ അത്യാവശ്യമാണ്