കഴിഞ്ഞ സെപ്റ്റംബറിലാണ് പായിപ്രയിലെ ഒരു വീട്ടില്‍ കറിവെച്ച മീനില്‍ നിന്ന് ദിവസങ്ങളോളം പുക ഉയര്‍ന്നു കൊണ്ടിരുന്നത്. ഭക്ഷിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സാമ്പിള്‍ ശേഖരിച്ച് കാക്കനാട്ടെ സര്‍ക്കാര്‍ ലാബിലേക്കയച്ചു. ഇവിടെ നിന്നുള്ള പരിശോധനാ ഫലത്തിലാണ് മീന്‍കറിയിലെ പുകക്ക് കാരണം സള്‍ഫര്‍ ഡയോക്‌സൈഡ് എന്ന രാസപദാര്‍ത്ഥത്തിന്റെ സാന്നിദ്ധ്യമാണെന്ന് കണ്ടെത്തിയത്.

മീന്‍ കേടാകാതിരിക്കാനായ് സള്‍ഫര്‍ ഡയോക്‌സൈഡ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. പക്ഷേ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ ഉറവിടം കണ്ടത്തി നടപടി എടുക്കേണ്ടത് ഭക്ഷ്യ വകുപ്പാണ്. എവിടെ വച്ച് ആരാണ് ഇതുപോലുള്ള രാസവസ്തുക്കള്‍ പ്രയോഗിക്കുന്നതെന്ന് കണ്ടെത്താന്‍ എളുപ്പമല്ലാത്തത് കുറ്റവാളികള്‍ക്ക് രക്ഷയും മീന്‍ ഉപയോക്താക്കള്‍ക്ക് ഭീഷണിയുമായി തുടരും.