ദില്ലി: സമവായം ഇല്ലെങ്കില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും പ്രതിപക്ഷ നേതാക്കള്‍ക്ക് സൂചന നല്കി. ഇതിനിടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസില്‍ നിന്നല്ലാത്ത വ്യക്തിയെ അംഗീകരിക്കാമെന്ന് സോണിയാഗാന്ധി മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ അറിയിച്ചു.
സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കണ്ടതോടെയാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കുള്ള ചര്‍ച്ചകള്‍ സജീവമായത്. ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തയ്യാറെങ്കില്‍ സ്ഥാനാര്‍ത്ഥിയാക്കുക എന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ചു തീരുമാനിച്ചാലേ വീണ്ടും രാഷ്ടപതിയാകാനുള്ളൂവെന്നും മത്സരിക്കില്ലെന്നും പ്രണബ് മുഖര്‍ജി പ്രതിപക്ഷ നേതാക്കള്‍ക്ക് സൂചന നല്കി. ഇതേ അഭിപ്രായമാണ് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും തന്നോടു സംസാരിച്ച നേതാക്കളെ അറിയിച്ചിരിക്കുന്നത്. എന്‍സിപി അദ്ധ്യക്ഷന്‍ ശരദ്പവാറിന്റെ പേരും ഉയര്‍ന്നിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്ന് റിട്ടയര്‍ ചെയ്യാനില്ലെന്ന് പറഞ്ഞ് ശരദ്പവാര്‍ തന്നെ ഇത് നിരാകരിച്ചെന്നാണ് സൂചന.
കോണ്‍ഗ്രസില്‍ നിന്നല്ലാത്ത ഒരു വ്യക്തിയെ അംഗീകരിക്കാന്‍ തയ്യാറാണെന്ന് സോണിയാഗാന്ധി തന്നെ കണ്ട നേതാക്കളെ അറിയിച്ചു. പേര് നിര്‍ദ്ദേശിക്കാന്‍ സോണിയ ഇടതുനേതാക്കളോട് പറയുകയും ചെയ്തു. ഇത് പ്രതിപക്ഷ ക്യാംപിലെ നീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. പൊതു സ്വീകാര്യനെ കണ്ടെത്തും മുമ്പ് മമതാ ബാനര്‍ജി. നവീന്‍ പട്‌നായിക് എന്നീ നേതാക്കള്‍ എടുക്കുന്ന നിലപാട് പ്രധാനമാകും.
