ദില്ലി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ നടക്കും. പാര്‍ലമെന്റ് മന്ദിരത്തിലും വിവിധ നിയമസഭാ മന്ദിരങ്ങളിലും രാവിലെ പത്തു മണിക്ക് വോട്ടെടുപ്പ് തുടങ്ങും. രാംനാഥ് കോവിന്ദും മീരാകുമാറും പിന്തുണ തേടി ഇന്ന് എംപിമാരെ കാണും.
റയ്‌സീനയില്‍ ആരെത്തും എന്ന കാര്യത്തില്‍ വലിയ ആശങ്കയൊന്നുമില്ല. എന്‍ഡിഎയുടെ രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്‌ട്രപതിയാകുമെന്ന് ഉറപ്പാണ്. എങ്കിലും പരമാവധി വോട്ടുറപ്പിക്കാനുള്ള മത്സരത്തിലാണ് ഇരുപക്ഷവും. പാര്‍ലമെന്റ് മന്ദിരത്തിലെ 62ആം നമ്പര്‍ മുറിയിലാണ് പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. കേരളനിയമസഭയില്‍ 604ആം നമ്പര്‍ മുറിയിലും. 776 എംപിമാരും 4120 എംഎല്‍എമാരും ഉള്‍പ്പടെ 4996 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതിനകം 65 ശതമാനം വോട്ട് രാംനാഥ് കോവിന്ദ് ഉറപ്പാക്കിയിട്ടുണ്ട്. ഇത് 70 ശതമാനമായി ഉയര്‍ത്താനാണ് ബിജെപി നീക്കം. പിന്തുണ പ്രഖ്യാപിച്ച പാര്‍ട്ടികളുടെ കണക്ക് നോക്കുമ്പോള്‍ 32 ശതമാനം എങ്കിലും കിട്ടേണ്ട പ്രതിപക്ഷത്തിന് അതില്‍ താഴെയുള്ള എത് സംഖ്യയും ക്ഷീണമാകും. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഐക്യം വീണ്ടെടുക്കാനായാത് പ്രതിപക്ഷത്തെ കക്ഷികള്‍ക്ക് ആത്മവിശ്വാസം നല്കുന്നുണ്ട്.
രാംനാഥ് കോവിന്ദിന് പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ എന്‍ഡിഎ എംപിമാരുടെ യോഗം ഇന്നു ചേരും. കോണ്‍ഗ്രസ് എംപിമാരുടെ യോഗം മീരാകുമാറും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
