ഏഴംഗ കുടുംബത്തെ തീകൊളുത്തിക്കൊലപ്പെടുത്തിയ  കേസില്‍ വധശിക്ഷ ലഭിച്ചയാളുടെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി.

ദില്ലി: ഏഴംഗ കുടുംബത്തെ തീകൊളുത്തിക്കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ലഭിച്ചയാളുടെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ബിഹാര്‍ സ്വദേശിയായ ജഗത് റായിയുടെ ദയാഹര്‍ജിയായിരുന്നു രാഷ്ട്രപതി തള്ളിയത്. രാഷ്ട്രപതിസ്ഥാനത്ത് എത്തിയ ശേഷം രാംനാഥ് കോവിന്ദ് പരിഗണിച്ച ആദ്യ ദയാഹര്‍ജിയായിരുന്നു ഇത്.

 വിജേന്ദ്ര മഹ്‌തോ എന്നയാളെയും കുടുംബത്തെയുമാണ് ജഗത് റായി തീകൊളുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ കുട്ടികളായിരുന്നു. 2006ലാണ് വിജേന്ദ്രയെയും കുടുംബത്തെയും ജഗത് തീകൊളുത്തിക്കൊന്നത്.2005ല്‍ പോത്തുകളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ജഗത് റായി, വസീര്‍ റായി, അജയ് റായി എന്നിവര്‍ക്കെതിരെ വിജേന്ദ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ വിജേന്ദ്രയെ സമീപിച്ചുവെങ്കിലും അതിന് അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് ജഗത് റായി വിജേന്ദ്രയുടെ വീടിന് തീയിടുകയായിരുന്നു. ജഗത് റായിക്ക് കീഴ്ക്കോടതി വിധിച്ച വധശിക്ഷ ബിഹാര്‍ ഹൈക്കോടതിയും സുപ്രീം കോടതി ശരിവച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ദയാഹര്‍ജിക്കായി സമീപിച്ചത്. എന്നാല്‍ രാഷ്ട്രപതി ഈ ദയാഹര്‍ജി തള്ളുകയായിരുന്നു.