ദില്ലി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് കാശ്മീർ സന്ദർശിക്കും. രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള രാംനാഥ് കോവിന്ദിൻ്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. കാശ്മീരിലെ അതിർത്തിപ്രദേശമായ ലേയിലാണ് അദ്ദേഹമെത്തുന്നത്. അതിർത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ കാശ്മീർ സന്ദർശനം.
ലേയിലെത്തുന്ന രാംനാഥ് കോവിന്ദ് ഒരുദിവസം മുഴുവൻ അവിടെ ഉണ്ടാകുമെന്നാണ് രാഷ്ട്രപതിഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന. കൂടാതെ സൈനികരെ രാഷ്ട്രപതി അഭിസംബോധന ചെയ്ത് സംസാരിക്കും. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കരസേനാ മേധാവി ബിപിൻ റാവത്തും രാഷ്ട്രപതിക്കൊപ്പം ഉണ്ടാകും.
