കൊച്ചി: കൊച്ചി ബിനാലേയെ പ്രശംസിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബിനാലെ രാജ്യത്തിന്റെ സാംസ്‌കാരിക കണ്ടറിന്റെ ഭാഗമായി മാറിയെന്ന് രാഷ്ട്രപതി കൊച്ചിയില്‍ പറഞ്ഞു. ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാളിലെ കലാസൃഷ്ടികള്‍ പ്രണബ് മുഖര്‍ജി വിലയിരുത്തി.

സുസ്ഥിര സാംസ്‌കാരിക നിര്‍മിതിയുടെ പ്രാധാന്യം എന്ന വിഷയത്തിനുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഫോര്‍ട്ട് കൊച്ചിയിലെ ബിനാലെ വേദിയില്‍ എത്തിയത്. കാലാരംഗത്തുള്ള കേരളത്തിന്റെ സംഭാവനയെ പ്രശംസിച്ച രാഷ്ട്രപതി രാജ്യത്തുടനീളമുള്ള കലാപ്രദര്‍ശനങ്ങള്‍ക്ക് കൊച്ചി ബിനാലേയെ മാതൃകയാക്കാമെന്ന് പറഞ്ഞു. കലയോടും സംസ്‌കാരത്തോടുമുള്ള കേരളത്തിന്റെ മതേതര നിലപാടാണ് ബിനാലേയുടെ വിജയത്തിന്റെ അടിസ്ഥാനമെന്നും രാഷ്ട്രപതി പറഞ്ഞു. പ്രസംഗത്തിന് ശേഷം ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാളിലെ കലാസൃഷ്ടികള്‍ ആസ്വദിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്.