സംവാദത്തില്‍ ആദ്യമുയര്‍ന്ന ചോദ്യം രാജ്യത്തെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു. ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ് ഇരുസ്ഥാനാര്‍ഥികളും സ്വീകരിച്ചത്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അമേരിക്കന്‍ ജനതയുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നു. ഇതു തടയാനുള്ള നടപടികള്‍ സ്വീകരിക്കും. നികുതി ഇളവ് നല്‍കി വലിയ കമ്പനികളെ രാജ്യത്തിനു പുറത്തേക്കുകൊണ്ടുപോകുന്നത് തടയും. ഇതായിരുന്നു വിഷയത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം.
എന്നാല്‍ സാമ്പത്തിക സമത്വത്തെക്കുറിച്ചായിരുന്നു ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലാരി പറഞ്ഞത്. പണക്കാരനെയും പാവപ്പെട്ടവനെയും തുല്യരായി പരിഗണിക്കുന്ന സമ്പദ് വ്യവസ്ഥയാണ് സ്വപ്നമെന്നും സ്ത്രീകള്‍ക്ക് തുല്യ വേതനം, അടിസ്ഥാന വേതനത്തില്‍ വര്‍ധന എന്നിവയാണ് തന്റെ സ്വപ്‌നമെന്നും ഹിലാരി വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ട്രംപ് പണക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ഹിലാരി തുറന്നടിച്ചു. ഇതോടെ സംവാദത്തിന് ചൂടുപിടിച്ചു.
നികുതി ഇളവും നികുതി വര്‍ധനവും സംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോള്‍ വര്‍ഷങ്ങളായി നികുതി അടയ്ക്കാതെ ട്രംപ് നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന് ഹിലാരി ആരോപിച്ചു. ഇതു ട്രംപിനെ പ്രകോപിതനാക്കുകയും പരാമര്‍ശത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഹിലാരി അതില്‍നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. യാഥാര്‍ത്ഥ്യമില്ലാത്ത ചില കാര്യങ്ങള്‍ പതിവു രാഷ്ട്രീയക്കാര്‍ പറയുന്നതുപോലെ ഹിലരി പറയുന്നുവെന്നും ഹിലാരിക്ക് രാജ്യത്തിന്‍റെ വളര്‍ച്ചയെ സംബന്ധിച്ച ദിശാബോധമോ വ്യക്തമായ പദ്ധതികളോ ഇല്ലെന്നും ട്രംപ് ആരോപിച്ചു.
മധ്യപൂര്‍വ ദേശത്തെ ഇടപെടലുകളുടെ പേരില്‍ ഒബാമ സര്‍ക്കാരിനെതിരെ ട്രംപ് രൂക്ഷമായി ആഞ്ഞടിച്ചു. ഇസ്‌ലാമിക് സ്‌റ്റേറ്റിനെ സൃഷ്ടിച്ചത് ഒബാമയും ഹിലരിയുമാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. എന്നാല്‍ ഇറാഖ് അധിനിവേശം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനമായിരുന്നെന്ന് പറഞ്ഞായിരുന്നു ഹിലരിയുടെ കടന്നാക്രമണം. അതേസമയം കറുത്തവര്‍ഗക്കാരോട് മാറിമാറി വന്ന സര്‍ക്കാരുകള്‍ അനീതി കാണിച്ചുവെന്നും ഇതാണ് അവരെ തോക്ക് എടുപ്പിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ നീതിന്യായവ്യവസ്ഥയുടെ കുഴപ്പമാണ് കറുത്തവര്‍ഗക്കാരെ അസ്വസ്ഥരാക്കുന്നതെന്നായിരുന്നു ഹിലരിയുടെ വാദം.
അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാണ് സ്ഥാനാര്‍ഥികള്‍ നേരിട്ട് പങ്കെടുക്കുന്ന നാല് സംവാദങ്ങള്‍. ഹോഫ്‌സ്ട്രാ സര്‍വകലാശാല ക്യാംപസില്‍ നടന്ന ആദ്യ സംവാദം ലക്ഷക്കണക്കിനു പേരാണ് തത്സമയം കണ്ടത്. രാജ്യത്തിന്‍റെ മുന്നോട്ടുള്ള വഴി, പുരോഗതി, സുരക്ഷ. വിഷയവുമായി ബന്ധപ്പട്ട ചോദ്യവുമായാണ് മോഡറേറ്റര്‍ ചര്‍ച്ച തുടങ്ങിവച്ചത്.
ഓരോ ചോദ്യത്തിന്‍റെയും മറുപടിക്ക് സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചത് രണ്ടു മിനിറ്റ്. തുടര്‍ന്ന് സ്ഥാനാര്‍ഥികള്‍ പരസ്പരമുള്ള മറുപടികള്‍. എന്‍ബിസി അവതാരകന്‍ ലെസ്റ്റര്‍ ഹോള്‍ട്ടായിരുന്നു ആദ്യ സംവാദത്തില്‍ മോഡറേറ്റര്‍.
