കൊച്ചി: രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുക മാത്രമാണ് കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് പരിഹാരമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. സി.പി.എം ചുരുങ്ങിക്കൊണ്ടേയിരിക്കുന്ന പാര്‍ട്ടിയാണെന്നും രാഷ്‌ട്രീയ കൊലപാതകം എന്ന പകര്‍ച്ചവ്യാധി അവസാനിക്കാന്‍ അത് മാത്രമാണ് മാര്‍ഗമെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രഭരണം നടത്തുന്നതിനെതിരായ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകാനാണ് സുബ്രമണ്യന്‍ സ്വാമി കൊച്ചിയിലെത്തിയത്. ക്ഷേത്ര ഭരണം കയ്യാളേണ്ടത് സര്‍ക്കാര്‍ അല്ല. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കും. ശബരിമലയില്‍ സ്‌ത്രീ പ്രവേശനം അനുവദിക്കണം. ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സ്‌ത്രീകള്‍ക്കും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.