ദില്ലി: ആധാര്‍ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകയോടും വാര്‍ത്ത പ്രസിദ്ധീകരിച്ച ട്രിബ്യൂണിനോടും ആവശ്യപ്പെടാന്‍ ആധാര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

ആധാര്‍ വിവരങ്ങള്‍ 500 രൂപയ്‌ക്ക് ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നുവെന്ന് കണ്ടെത്തി വാര്‍ത്ത പ്രസിദ്ധീകരിച്ച ദ ട്രിബ്യൂണ്‍ ലേഖിക രചന ഖൈറയെയും കേസില്‍ പ്രതിയാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. ആധാറിന്റെ സുരക്ഷ ശക്തമാക്കുന്നതിന് പകരം സുരക്ഷയില്ലെന്ന് കണ്ടെത്തുന്നവര്‍ക്കിതിരെ കേസെടുക്കുന്നത് പ്രതിഷേധാര്‍ഹമാണ് മാധ്യമ പ്രവര്‍ത്തകരും വിവിധ രാഷ്‌ട്രീയ നേതാക്കളും ആരോപിച്ചിരുന്നു. ഇതിനിടെ മാധ്യമ പ്രവര്‍ത്തകയ്‌ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്യുന്നതായും ദ ട്രിബ്യൂണ്‍ വ്യക്തമാക്കി. ഇപ്പോള്‍ പുറത്തുവന്നത് കുറച്ച് വിവരങ്ങള്‍ മാത്രമാണെന്നും ആധാര്‍ വിവരച്ചോര്‍ച്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ലേഖിക ഇന്ന് വ്യക്തമാക്കി.