രാജ്യത്ത് വീണ്ടും പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു. സബ്സിഡിയുള്ളതും ഇല്ലാത്തതുമായ സിലിണ്ടറിന് 94 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് 146 രൂപയും വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് അര്‍ദ്ധരാത്രി നിലവില്‍ വന്നു. രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ച് എണ്ണക്കമ്പനികള്‍ വീണ്ടും പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചത്. ഗാര്‍ഹിക ആവശ്യത്തിനുളള സബ്സിഡിയുള്ള എല്‍പിജി സിലിണ്ടറൊന്നിന് 729 രൂപയാണ് പുതുക്കിയ നിരക്ക്.

വര്‍ദ്ധിപ്പിച്ച തുക സബ്സിഡി ഇനത്തില്‍ തിരിച്ച് കിട്ടുന്നതിനാല്‍ 94 രൂപ കൂട്ടിയെങ്കിലും ഫലത്തില്‍ 4 രൂപ 60 പൈസയുടെ വര്‍ദ്ധനയാണ് ഉപഭോക്താവിന് അനുഭവപ്പെടുക. ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന മൊത്തം സബ്സിഡി തുക 230 രൂപയായി ഉയരുകയും ചെയ്യും. അതായത് സിലിണ്ടര്‍ കൈപ്പറ്റുമ്പോള്‍ 729 രൂപ നല്‍കേണ്ടി വരുമെങ്കിലും 499 രൂപയാണ് പാചക വാതക സിലിണ്ടറിന് യഥാര്‍ത്ഥത്തില്‍ വരുന്ന വില. അതേസമയം, സബ്സിഡിയില്ലാത്ത 14 കിലോ സിലിണ്ടര്‍ ലഭിക്കാന്‍ 729 രൂപ നല്‍കണം.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 146 രൂപയും വര്‍ദ്ധിപ്പിച്ചു. 1,289 രൂപയാണ് 19 കിലോ സിലിണ്ടറിന്‍റെ പുതുക്കിയ നിരക്ക്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പാചകവാതക സബ്സിഡി നിര്‍ത്തലാക്കും എന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. അങ്ങിനെയെങ്കില്‍ അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ പാചക വാതകം ലഭിക്കാന്‍ നിലവില്‍ സബ്സിഡി ആനൂകൂല്യം ലഭിക്കുന്നവരും സിലിണ്ടറൊന്നിന് 729 രൂപ നല്‍കേണ്ടി വരും.