കണ്ണൂര്‍: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്‍റെ പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി. ആറാം പ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുരാജ കോണ്‍വന്‍റിലെ സിസ്റ്റര്‍ ലിസ് മരിയ, ഏഴാം പ്രതി ഇരിട്ടി ക്രിസ്തുദാസി കോണ്‍വന്‍റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ പെരാവൂര്‍ സി.ഐ എന്‍. സുനില്‍കുമാര്‍ മുന്പാകെ കീഴടങ്ങിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും കീഴടങ്ങി.

അന്വേഷണ ഉദ്യോഗസ്ഥന് മുന്പാകെ കീഴടങ്ങണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി, മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ കൂത്തുപറമ്പ് ക്രിസ്തുരാജ ആസ്പത്രിയിലെ ഡോ. സിസ്റ്റര്‍ ടെസ്സി ജോസ് ഡോ. ഹൈദരാലി, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, എട്ട് മുതല്‍ പത്ത് വരെ പ്രതികളായ വയനാട് ജില്ലാ ശിശു ക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് തേരകം, സമിതി അംഗം ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ നേരത്തേ കീഴടങ്ങിയിരുന്നു. ഇവര്‍ക്ക് വ്യവസ്ഥകള്‍ പ്രകാരം ഹൈക്കോടതി ജാമ്യവും അനുവദിച്ചു.

രണ്ടാം പ്രതി തങ്കമ്മയുടെ മകളാണ് സിസ്റ്റര്‍ ലിസ് മരിയ. പെണ്‍കുട്ടി പ്രസവിച്ച വിവരം മറച്ചു വയ്ക്കുന്നതിനും കുട്ടിയെ രഹസ്യമായി മാറ്റുന്നതിനും സഹായം ചെയ്തതിനാണ് പൊലീസ് ഇവരെ പ്രതി ചേര്‍ത്തത്. കേസിലെ ഒന്നാം പ്രതി ഫാ.റോബിന്‍ വടക്കുംചേരി റിമാന്‍ഡിലാണ്.