'സ്വച്ഛ്ഭാരത്, ഉജ്ജ്വല, ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ, പ്രധാന്‍ മന്ത്രി ആവാസ് യോചന തുടങ്ങിയ പദ്ധതികളെല്ലാം സ്ത്രീകളുടെ മുന്നേറ്റത്തിനായി ആവിഷ്‌കരിച്ചതാണ്. പ്രധാന്‍ മന്ത്രി ആവാസ് യോചന പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ 75 ശതമാനത്തിന്റെയും ഉടമസ്ഥര്‍ സ്ത്രീകളാണ്...'

ഗാന്ധിനഗര്‍: രാജ്യത്തെ സ്ത്രീകള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗറില്‍ ബിജെപി മഹിളാമോര്‍ച്ച ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മോദി. 

'കഴിഞ്ഞ അറുപതോ എഴുപതോ കൊല്ലക്കാലത്തെ അനുഭവങ്ങള്‍ക്ക് ശേഷം രാജ്യത്തെ സ്ത്രീകള്‍ ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. മുമ്പുണ്ടായിരുന്ന സര്‍ക്കാരുകള്‍ സ്ത്രീകള്‍ക്ക് വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്. സ്ത്രീകള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും ആ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു'- മോദി ആമുഖമായി പറഞ്ഞു. തുടര്‍ന്ന് തന്റെ കീഴിലുള്ള സര്‍ക്കാര്‍ സ്ത്രീകള്‍ക്കുവേണ്ടി മുന്നോട്ടുകൊണ്ടുവന്ന പദ്ധതികളെ കുറിച്ചും മോദി വാചാലനായി. 

'സ്വച്ഛ്ഭാരത്, ഉജ്ജ്വല, ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ, പ്രധാന്‍ മന്ത്രി ആവാസ് യോചന തുടങ്ങിയ പദ്ധതികളെല്ലാം സ്ത്രീകളുടെ മുന്നേറ്റത്തിനായി ആവിഷ്‌കരിച്ചതാണ്. പ്രധാന്‍ മന്ത്രി ആവാസ് യോചന പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളില്‍ 75 ശതമാനത്തിന്റെയും ഉടമസ്ഥര്‍ സ്ത്രീകളാണ്. ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുകളില്‍ 18 കോടിയും സ്ത്രീകളുടെ പേരിലാണുള്ളത്.'- മോദി പറഞ്ഞു. 

വ്യോമസേനയിലും മറ്റ് സുരക്ഷാസംഘങ്ങളിലുമെല്ലാം സ്ത്രീകള്‍ക്ക് നല്‍കിയ പ്രാതിനിധ്യത്തെ കുറിച്ചും മോദി പ്രസംഗിച്ചു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നിയമങ്ങള്‍ ശക്തിപ്പെടുത്തിയെന്നും ബലാത്സംഗം പോലുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാക്കിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.