തിരുവനന്തപുരം: സഹകരണ പ്രതിസന്ധി സംബന്ധിച്ച് കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണുവാന്‍ അനുമതിയില്ല. ഇതോടെ സര്‍വ്വകക്ഷി സംഘം ദില്ലിയിലേക്ക് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഈ അവഗണയില്‍ കേരളത്തിന്‍റെ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് പിണറായി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള നിയമസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനം അറിയിക്കാന്‍ സമ്മതിക്കാത്തത് ജനാധിപത്യ മര്യാദയല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നാണ് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുവാനുള്ള അവസരം തേടിയത്. എന്നാല്‍ ധനമന്ത്രിയെ കാണുവാന്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ധനമന്ത്രിയെ മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും മുന്‍പ് ഈ വിഷയത്തില്‍ കണ്ടതാണെന്ന് അതിനാല്‍ തന്നെ വീണ്ടും ഒരു കൂടികാഴ്ചയ്ക്ക് പ്രസക്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം നിയമസഭ പാസാക്കിയ പ്രമേയം കേരളത്തിന്‍റെ റസിഡന്‍റ് കമ്മീഷ്ണര്‍ വഴി പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തിലെ ഏറ്റവും വലിയ ഏകാധിപതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി അനുമതി നിഷേധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പദവിക്ക് ചേർന്ന പ്രവർത്തിയല്ല മോദിയുടേത്. ഒരു പ്രധാനമന്ത്രിയും നാളിതുവരെ ഇത്തരമൊരു അവഹേളനം നടത്തിയിട്ടില്ല. കേരളത്തെ പ്രധാനമന്ത്രി അപമാനിച്ചിരിക്കുകയാണ്. ഫെഡറൽ സംവിധാനം തകർക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമം. ഇതിനെതിരേയുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കാൻ കത്തെഴുതുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.