റോം: ജനഹിത പരിശോധനയിൽ പരാജയപ്പെട്ട ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റെയോ റെൻസി രാജി പ്രഖ്യാപിച്ചു. റെൻസി മുന്നോട്ടുവച്ച ഭരണഘടനാ പരിഷ്കാരങ്ങളെ 42–46% ആളുകൾ അനുകൂലിച്ചപ്പോൾ 54–58% ജനങ്ങൾ എതിർതെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്‌തമാക്കുന്നു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ രാജി തീരുമാനം അറിയിക്കുമെന്ന് റെൻസി അറിയിച്ചു. ഉദ്യോഗസ്‌ഥാധിപത്യം അവസാനിപ്പിച്ച് കൂടുതൽ മുന്നേറാൻ പരിഷ്കാരങ്ങൾ സഹായിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ അധികാരങ്ങൾ ചുരുക്കുക, സെനറ്റ് ഘടന മാറ്റുക, പ്രാദേശിക–പ്രവിശ്യാ ഭരണകൂടങ്ങളുടെ അധികാരം കേന്ദ്രഗവൺമെന്റിലാക്കുക എന്നീ നിർദേശങ്ങളിലായിരുന്നു ജനഹിത പരിശോധന നടത്തിയത്. റെൻസിയുടെ പാർട്ടിയും സഖ്യകക്ഷികളും ബിസിനസ് സമൂഹവും റെൻസിവച്ച പരിഷ്കാരങ്ങളെ അനുകൂലിപ്പോൾ പ്രതിപക്ഷം മുഴുവൻ എതിർത്തു. 

സിൽവിയോ ബെർലുസ് കോണിയുടെ യാഥാസ്‌ഥിതിക കക്ഷി ഫോഴ്സാ ഇറ്റാലിയ, ജനപ്രിയ നീക്കങ്ങളുടെ പാർട്ടി ഫൈവ്സ്റ്റാർ മൂവ്മെന്റ്, തീവ്രവലതുപക്ഷമായ നോർതേൺ ലീഗ് എന്നിവയും റെൻസിയുടെ പാർട്ടിക്കാരനായ മുൻ പ്രധാനമന്ത്രി മാസിമോ ഡി അലേയും നിർദേശങ്ങളെ എതിർത്തു. പ്രധാനമന്ത്രി കൂടുതൽ അധികാരങ്ങൾ കേന്ദ്രീകരിക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷപാർട്ടികൾ ആരോപിച്ചിരുന്നു.