കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകണം, നിരന്തരം സമ്പർക്കം ഉറപ്പാക്കണം. നിരന്തരം വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും യോഗത്തിൽ അറിയിച്ചു.

ദില്ലി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു. സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കാനും യോഗത്തിൽ നിർദേശിച്ചു. വ്യാപാര, സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുക, വിതരണ ശൃംഖല സംരക്ഷിക്കുക, ഊർജ സുരക്ഷ ഉറപ്പാക്കുക, ജന താല്പര്യം മുൻ നിർത്തി പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും യോഗത്തിൽ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് മുന്നോട്ട് പോകണം, നിരന്തരം സമ്പർക്കം ഉറപ്പാക്കണം. നിരന്തരം വിവരങ്ങൾ കൈമാറാൻ സംവിധാനം ഒരുക്കുമെന്നും യോഗത്തിൽ അറിയിച്ചു. കാർഷിക മേഖലയിൽ പ്രതിസന്ധി ഒഴിവാക്കാനും മുൻകൂട്ടി നടപടികൾ എടുക്കാനും നിർദേശം നൽകി. ഓൺലൈനിലെ വ്യാജ പ്രചരണങ്ങൾ തടയണം. അതേസമയം മുഖ്യമന്ത്രിമാരുടെ നിർദേശങ്ങൾക്ക് മോദി നന്ദി അറിയിച്ചു.

അതേസമയം വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേർന്നത്. ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയായിരുന്നു യോഗത്തിന്റെ അജണ്ട. പശ്ചിമേഷ്യന് യുദ്ധം തീർത്ത ഊർജ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ എന്തിനും തയാറായിരിക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പാർലമെന്റിലെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. സംസ്ഥാനങ്ങളിലെ ഊർജ പ്രതിസന്ധിയടക്കം ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഭക്ഷണ ബില്ലിനൊപ്പം എൽ പി ജി ചാർജ്, അല്ലെങ്കിൽ ഗ്യാസ് സർ ചാർജ് എന്ന പേരിൽ അധിക തുക ഈടാക്കരുതെന്ന് കേന്ദ്രം ഇതിനകം നിർദദേശിച്ചിട്ടുണ്ട്. ഇത്തരം ചെലവുകൾ ഭക്ഷണ സാധനങ്ങളുടെ വിലയിൽ തന്നെ ഉൾപ്പെടുത്തണമെന്നും, മെനുവിൽ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ വിലയെന്നാണ് നിർദ്ദേശം.