നരബലിക്ക് പകരം നടത്തുന്ന ആചാരം ചടങ്ങിനെതിരെ വ്യാപക പ്രതിഷേധം സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണടയ്ക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിതുരയില്‍ ദേവിയോട് ശ്രീ വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തില്‍ കാളി ദേവിക്ക് യജ്ഞം നടത്തുന്നത് മനുഷ്യ രക്തം കൊണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന നരബലിക്ക് പകരം നടത്തുന്ന പ്രാകൃത ആചാരത്തിന്‍റെ വിശദാംശങ്ങളടക്കം പോസ്റ്ററടിച്ചാണ് ക്ഷേത്രഭാരവാഹികള്‍ യജ്ഞം നടത്തുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്ന പ്രാകൃത ആചാരം നടക്കുന്നത് ക്ഷേത്രത്തിന്‍റെ ഉത്സവാഘോഷങ്ങളുടെ ഭാഗമായാണ്. 

മാര്‍ച്ച് 11 മുതല്‍ 24 വരെ നടക്കുന്ന ഉത്സവാഘോഷങ്ങളുടെ ഭാഗമായാണ് മനുഷ്യരക്തം കൊണ്ടുള്ള മഹാഘോര കാളി യജ്ഞം നടത്തുന്നത്. ക്ഷേത്രക്കമ്മറ്റി പുറത്തിറക്കിയ നോട്ടീസ് പ്രകാരം മാര്‍ച്ച് 12നാണ് മാഹാഘോര കാളി യജ്ഞം നടത്തുന്നത്. വൈകിട്ട് ആറരയോടെ ദീപാരാധനയും രക്തം സ്വീകരിച്ച് കൊണ്ടുള്ള യജ്‍ഞവും നടക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

ശാസ്ത്രീയ സുരക്ഷയോടെ ഗവണ്‍മെന്‍റ് അംഗീകൃത വിദദ്ധരാല്‍ ഡിസ്പോസിബിള്‍ സിറിഞ്ച് ഉപയോഗിച്ച് രക്തം സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്. തയ്യാറാവുന്ന വിശ്വാസികളില്‍ നിന്ന് മാത്രമേ രക്തം സ്വീകരിക്കൂ എന്നാണ് ക്ഷേത്രഭാരവാഹികളുടെ വാദം. എന്നാല്‍ ഉത്സവത്തോട് അൻുബന്ദിച്ച് നടക്കുന്ന കാളി യജ്ഞത്തെപ്പറ്റി അറിയില്ലെന്നാണ് വിതുര പൊലീസ് നല്‍കുന്ന വിശദീകരണം. നോട്ടീസ് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാമ്. ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും വിതുര പൊലീസ് അറിയിച്ചു. നേരത്തെ വിതുര- പൊന്‍മുടി ഭാഗങ്ങളില്‍ മൃഗബലി നടക്കുന്ന വാര്‍ത്ത വലിയ വിവാദമായിരുന്നു.