കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ സുനില്‍കുമാറിന്റെ സഹതടവുകാരുടെ പ്രതികരണങ്ങള്‍ പരസ്പരം വിരുദ്ധം. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന നടന്‍ ദിലീപിന്റേതായിരിക്കുമെന്ന് സഹതടവുകാരനായ വിഷ്ണു ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഗൂഢാലോചനയില്‍ ദിലീപിന് പങ്കില്ലെന്നും കത്ത് ജയില്‍ അധികൃതരും സുനിലും നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണെന്നും മറ്റൊരു സഹതടവുകാരനായ വിപിന്‍ ലാല്‍ പറഞ്ഞു.
പൊലീസ് മര്‍ദ്ദിക്കുന്നെന്ന് ചൂണ്ടിക്കാണ്ടി തന്റെ കസ്റ്റഡി റദ്ദാക്കാന്‍ സുനില്‍ കുമാന്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. ചോദ്യം ചെയ്യലിനോട് സുനില്‍ കുമാര്‍ സഹകരിക്കാത്തതിനാല്‍ സുനിലിനേയും സഹതടവുകാരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ജയില്‍ ഫോണ്‍ എത്തിച്ചത് വിഷ്ണു ആണെന്നാണ് പൊലീസിന്റെ നിഗമനം. നടിയെ ആക്രമിച്ച കേസുമായി നടന്‍ ദിലീപിന് ബന്ധമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ടാവാമെന്നായിരുന്നു വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞത്. തൊട്ട് പിന്നാലെ കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ വിപിന്‍ലാല്‍ നേര്‍ വിപരീതമായ പ്രതികരണമാണ് നല്‍കിയത്. ജയിലില്‍ സുനില്‍ കുമാറിന് വേണ്ടി കത്തെഴുതിയത് ജയില്‍ അധികൃതരുടെയും സുനില്‍ കുമാറിന്റെയും ഭീഷണിയെ തുടര്‍ന്നാണെന്ന് വിപിന്‍ലാല്‍ പറഞ്ഞു. വിഷ്ണുവിനെയും വിപിന്‍ ലാലിനെയും പത്താം തീയ്യതി വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. സുനില്‍ കുമാറിനൊപ്പം ഇവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
