കൊച്ചി: അഭിനയലോകത്തേക്ക് തിരിച്ചെത്തുന്ന സഹപ്രവര്‍ത്തകയെ ക്യാമറകള്‍ കൊണ്ട് വളഞ്ഞിട്ട് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് നടന്‍ പൃഥ്വിരാജ്. കൊച്ചിയില്‍ തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് പൃഥ്വിരാജിന്റെ അഭ്യര്‍ത്ഥന. ചിത്രത്തില്‍ കൊച്ചിയില്‍ അക്രമത്തിനിരയായ നടിയാണ് നായിക.
എനിക്ക് വേണ്ടിയും സഹപ്രവര്‍ത്തകയായ സുഹൃത്തിന് വേണ്ടിയും മാധ്യമങ്ങള്‍ സഹായം ചെയ്യണം. ചിത്രീകരണത്തിനായി നടി എത്തുമ്പോള്‍ ക്യാമറയും മൈക്കുമായി അവരെ വളയരുത്. അത് സിനിമയ്ക്ക വേണ്ടിയും നന്മയ്ക്കു വേണ്ടിയുമുള്ള സഹായമാകും. മാധ്യമങ്ങള്‍ അതിന് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായും അവരുടെ മാനസികനില അനുസരിച്ചും ഇപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കാനാവില്ല. ഒരു പക്ഷേ പിന്നീട് അവര്‍ നിങ്ങളോട് സംസാരിക്കുമെന്നാണ് കരുതുന്നതെന്നും പൃഥ്വി പറഞ്ഞു.
