ഇടുക്കി: ദേശീയപാത 49 ല്‍ അടിമാലിക്ക് സമീപത്താണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കുനേരെ ആക്രമണമുണ്ടായത്. നെടുങ്കണ്ടത്തുനിന്നും പത്തനംതിട്ടക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറായ മൂന്നാര്‍ സ്വദേശി മണിയാണ് ആക്രമണത്തിനിരയായത്. സ്വകാര്യ ബസ് ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസിന് മാര്‍ഗ്ഗ തടസ്സമുണ്ടാക്കിയ ശേഷം സ്വകാര്യ ബസ് ജീവനക്കാര്‍ ചില്ല് കുപ്പികൊണ്ട് മണിയുടെ തലക്കടിക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം ബസുമായി പോകാന്‍ ശ്രമിച്ച ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞ് വയ്ക്കുകയും സംഭവം പോലീസില്‍ അറിയിക്കുകയും ചെയ്തു. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ മണി അടിമാലി താലൂക്കാശുപത്രിയില്‍ ചികത്സ തേടി. മൂന്ന് മാസം മുമ്പ് ആരംഭിച്ച കെഎസ്ആര്‍ടിസി ബസിന്റെ സര്‍വ്വീസ് അവസാനിപ്പിച്ചില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വകാര്യബസ് ജീവനക്കാര്‍ ആക്രമിച്ചതെന്ന് മണി പറഞ്ഞു.

മൂന്ന് മാസം മുമ്പായിരുന്നു നെടുങ്കണ്ടം പത്തനംതിട്ട റൂട്ടില്‍ കെഎസ്ആര്‍ടിസി ടെയ്ക്ക് ഓവര്‍ സര്‍വ്വീസ് ആരംഭിച്ചത്. സര്‍വ്വീസ് ആരംഭിച്ചത് മുതല്‍ ഇതേ റൂട്ടില്‍ ഓടിയിരുന്ന സ്വകാര്യബസിന്റെ ഉടമയും ജീവനക്കാരും ചേര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ ജീവനക്കാരായി എത്തുന്നവര്‍ക്ക് നേരെ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണെന്ന പരാതി ഉയര്‍ന്നിരുന്നു.

ഈ മാസം എട്ടിന് കാഞ്ഞിരപ്പള്ളിയില്‍ വച്ച് സ്വകാര്യ ബസുപയോഗിച്ച് കെഎസ്ആര്‍ടിസി ബസില്‍ ഇടിപ്പിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചതിന് സ്വകാര്യ ബസ് ജിവനക്കാര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. പിണ്ണാക്കനാട്, മേലുകാവ്, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിലും സ്വകാര്യ ബസിനെതിരെ കെഎസ്ആര്‍ടിസി അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് വ്യാഴാഴ്ച്ച രാവിലെ സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.