കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണന്‍റെ തുറന്നുപറച്ചിൽ ചൂണ്ടിക്കാട്ടുന്നത് സിപിഎമ്മിലെ സാമ്പത്തിക അരാജകത്വം. സമീപകാലത്ത് ഇതാദ്യമായാണ് സമുന്നതനായ ഒരു നേതാവ് പാർട്ടിക്കകത്തെ അണിയറ കഥകൾ വിളിച്ചു പറയുന്നത്
കോഴിക്കോട്: കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണന്‍റെ തുറന്നുപറച്ചിൽ ചൂണ്ടിക്കാട്ടുന്നത് സിപിഎമ്മിലെ സാമ്പത്തിക അരാജകത്വവും സത്യം വിളിച്ചു പറയുന്നവരെ ലക്ഷ്യമിടുന്ന പ്രവണതയും. സമീപകാലത്ത് ഇതാദ്യമായാണ് ഇത്രയും സമുന്നതനായ ഒരു നേതാവ് പാർട്ടിക്കകത്തെ അണിയറ കഥകൾ വിളിച്ചു പറയുന്നത്. പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ നടത്തിയത്. ധൻരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ട്, എന്നിങ്ങനെ മൂന്ന് ഫണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്. ബാങ്ക് സ്റ്റേറ്റ്മെന്‍റ് ഉൾപ്പെടെ തെളിവ് സഹിതം സംസ്ഥനാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി എടുക്കാതെ പാർട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണിന് നൽകിയ അഭിമുഖത്തിൽ വി. കുഞ്ഞിക്കൃഷ്ണൻ വെളിപ്പെടുത്തി.
രക്തസാക്ഷി ഫണ്ട് തിരിമറി, വ്യാജ രസീത് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് ഫണ്ട് പിരിവ്, പിരിച്ച ഫണ്ട് പലവകയാക്കി നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് തരം മാറ്റൽ എന്നിങ്ങനെ വിഎസ് അച്യുതാനന്ദൻ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയ സിപിഎമ്മിലെ സാമ്പത്തിക അരാജകത്വമാണ് വി കുഞ്ഞികൃഷ്ണൻ ഇപ്പോള്‍ തുറന്നുകാണിക്കുന്നത്. ഇത്തരം പ്രവണതകൾ ഉണ്ടാകുമ്പോൾ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും അടക്കമുള്ളവര്‍ പ്രതിസ്ഥാനത്തുള്ളവർക്ക് വേണ്ടി നിലകൊള്ളുകയാണെന്നും കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തുന്നു. ഇതിലൊക്കെ ഉപരിയായി പാർട്ടിക്ക് വേണ്ടി ഫണ്ട് പിരിക്കുന്നതിൽ റിയൽ എസ്റ്റേറ്റ് മാഫിയ അടക്കം പങ്കാളികളാകുന്നതിന്‍റെ വിവരങ്ങളും കുഞ്ഞുകൃഷ്ണൻ പങ്കുവെക്കുന്നു.
ഈ വിവരങ്ങൾ നേതാക്കളെ തിരുത്താൻ അണികളെന്ന പുസ്തകത്തിൽ കുഞ്ഞികൃഷ്ണൻ തുറന്നു പറയുന്നുണ്ട്. പുസ്തകം പിൻവലിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവർ കുഞ്ഞികൃഷ്ണന്മേൽ കടുത്ത സമർദ്ധം ചെലുത്തിയെങ്കിലും കുഞ്ഞികൃഷ്ണൻ വഴങ്ങിയില്ല. പാർട്ടിക്ക് അകത്ത് എങ്ങനെയാണ് നേതാക്കൾ വ്യക്തിപരമായ ഗ്രൂപ്പുകളെ ഉണ്ടാക്കുന്നതെന്ന് ഈ പുസ്തകത്തിൽ തുറന്നടിക്കുന്നുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പോലും നേതാക്കൾ സ്വന്തം നോമിനികൾക്ക് നൽകി ആശ്രിതരുടെ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നുവെന്നാണ് കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ ആരോപിക്കുന്ന ഒരു സുപ്രധാനമായ കാര്യം. ഇ പി ജയരാജന്‍റെ റിസോർട്ടുമായി ബന്ധപ്പെട്ട കാര്യം പാർട്ടി ഫോറത്തിൽ ഉന്നയിച്ചിരുന്നതായും മറുപടി ഉണ്ടായില്ലെന്നു വി കുഞ്ഞികൃഷ്ണൻ പറയുന്നുണ്ട്.
പാർട്ടിയെ പണമുണ്ടാക്കാനുള്ള മാർഗ്ഗമായി ഉപയോഗിക്കുന്നതിനെതിരെയുള്ള നിലപാട് തന്നെയാണ് കുഞ്ഞികൃഷ്ണനെ നേതാക്കളുടെ കണ്ണിലെ കരടാക്കിയത്. ചങ്ങാത്ത മുതലാളിത്തത്തെ കുറിച്ച് ആശങ്കപ്പെടുകയും മുതലാളിമാരെ ചങ്ങാതിമാരാക്കി മുന്നോട്ടുപോവുകയും ചെയ്യുന്ന പ്രവണതയാണ് സിപിഎമ്മിലെന്ന കുഞ്ഞികൃഷ്ണന്‍റെ തുറന്നടിക്കൽ സിപിഎമ്മിന് തലവേദനയാണ്. ആരോപണങ്ങൾ ഉയർന്നു കഴിഞ്ഞാൽ അന്വേഷണം നിർത്തി ആരോപണവിധേയരെ വെളുപ്പിക്കുന്ന രീതിയാണ് സിപിഎമ്മിനെന്ന കുഞ്ഞികൃഷ്ണന്‍റെ തുറന്നുപറച്ചിൽ സമീപകാലത്ത് സിപിഎം നടത്തിയ പല അന്വേഷണങ്ങളുടെയും പൊള്ളത്തരം ചൂണ്ടിക്കാട്ടുന്നു. പാർട്ടി കോടതികളിൽ നീതി പുലരുന്നില്ലെന്ന് തന്നെയാണ് കുഞ്ഞുകൃഷ്ണൻ വ്യക്തമാക്കുന്നത്.




