തിരുവനന്തപുരം: ഓണാവധിക്ക് നാട്ടിലെത്താനിരിക്കുന്ന മലയാളികളെ പിഴിയുകയാണ് സ്വകാര്യ ബസുകളും. സാധാരണ ദിവസങ്ങളില്‍ ഉളളതിനേക്കാള്‍ മൂന്നിരട്ടിയിലധികമാണ് ഓണക്കാലത്ത് ബെംഗളൂരുവില്‍ നിന്നുളള ടിക്കറ്റ് നിരക്ക്.കെഎസ്ആര്‍ടിസിക്ക് അധികം സര്‍വീസുകളില്ലാത്ത തെക്കന്‍ കേരളത്തിലുളളവര്‍ക്കാണ് കൂടുതല്‍ ദുരിതം.

ഇന്നും നാളെയുമൊക്കെയായി ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകണമെങ്കിലുളള സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് 800 മുതല്‍ 1250 വരെ. ഇനി ഓണത്തിന് രണ്ട് ദിവസം മുമ്പുളള നിരക്ക്. ഇതിന്റെ മൂന്നിരട്ടിയില്‍ അധികം.ട്രെയിന്‍ ടിക്കറ്റെല്ലാം കണ്ണുചിമ്മി തുറക്കും മുന്‍പേ തീര്‍ന്നിട്ടുണ്ടാകും.പിന്നെ മലയാളിക്ക് ആകെയുളള വഴി സ്വകാര്യ ബസുകളുടെ ഈ ഓണക്കാല തീവെട്ടിക്കൊളളയ്‌ക്ക് നിന്നുകൊടുക്കല്‍ മാത്രമാണ്.സ്‌പെഷ്യല്‍ ട്രെയിന്‍ വേണമെന്ന ആവശ്യത്തോട് മുഖം തിരിച്ചാണ് റെയില്‍വേക്ക് പതിവ്.കെഎസ്ആര്‍ടിസിയെ ആശ്രയിക്കാമെന്നുവെച്ചാല്‍ ഭൂരിഭാഗം ബസ്സുകളും മൈസൂര്‍,വയനാട് വഴിയാണ്.സമയം ലാഭിച്ച് തെക്കന്‍ കേരളത്തിലെത്താവുന്ന സേലം വഴി സര്‍വീസുകള്‍ നന്നേ കുറവ്.ഇത് സ്വകാര്യ ബസുകള്‍ നന്നായി മുതലെടുക്കും.

തമിഴ്നാട് പെര്‍മിറ്റ് ലഭിക്കാത്തതാണ് ഇതുവഴി ബസുകള്‍ ഓടിക്കാന്‍ കഴിയാത്തതിന് കാരണമെന്ന വാദം കെഎസ്ആര്‍ടിസി നിരത്തുന്നു. ഇങ്ങനെ പറയാന്‍ തുടങ്ങിയതിന് ശേഷം കഴിഞ്ഞുപോയ ഓണക്കാലങ്ങള്‍ക്ക് കണക്കില്ല. കഴിഞ്ഞ വിഷു, ഈസ്റ്റര്‍ അവധിക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തിയെങ്കിലും തെക്കന്‍ കേരളത്തിലേക്ക് കുറവായിരുന്നു.

സ്‌പെഷ്യല്‍ ബസുകളില്‍ ടിക്കറ്റുകള്‍ തീര്‍ന്നാല്‍ വടക്കന്‍ കേരളത്തിലേക്കും തോന്നുംപടിയാവും സ്വകാര്യ ബസുകളുടെ നിരക്ക്.ഉത്സവസീസണ്‍ കൊളള തടയാന്‍ ടാക്‌സി നിരക്ക് നിശ്ചയിക്കുന്ന മാതൃകയില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യമുണ്ട്.ഇത് ഈ സീസണിലും നടപ്പാവുന്ന ലക്ഷണവുമില്ല.