കൊല്ലം പത്തനാപുരത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. പത്തനാപുരം ഡിപ്പോയിലെ കണ്ടക്ടര്‍ സജീഷ്‌കുമാറിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനാപുരം ഡിപ്പോയില്‍ ജീവനക്കാര്‍ പണിമുടക്കി. ഇന്നലെ രാത്രിയാണ് സംഭവം. ജോലി കഴിഞ്ഞ് പത്തനാപുരം പിടവൂര്‍ വഴി ബൈക്കില്‍ വീട്ടിലേക്ക് പോയ സജീഷ്‌കുമാറിനെ ഒരു സംഘം കാറിലെത്തി ഇടിച്ചിട്ടു. ബൈക്കില്‍ നിന്നും തെറിച്ച് വീണ സജീഷിനെ കാറിലെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കാലിന് സാരമായി പരിക്കേറ്റു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടു. സജീഷിനെ നാട്ടുകാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.

പത്തനാപുരം ഡിപ്പോയില്‍ നിന്നും അടുത്തിടെ പറങ്കിമാംമുകള്‍ വഴി കൊട്ടാരക്കരയ്ക്ക് ചെയിന്‍സര്‍വീസ് ആരംഭിച്ചിരുന്നു. വര്‍ഷങ്ങളായി ഒരു സ്വകാര്യ ബസ് കൈയടിക്കി വച്ചിരുന്ന റൂട്ടാണിത്. കെ എസ് ആര്‍ ടി സി ഇതുവഴി സര്‍വീസ് ആരംഭിച്ചപ്പോള്‍ മുതല്‍ സ്വകാര്യ ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും അക്രമങ്ങളും സര്‍വീസ് തടയാനുള്ള ശ്രമവും നടന്നിരുന്നു. പുതിയ റൂട്ടില്‍ ഓടുന്ന കണ്ടക്ടറാണ് സജീഷ് കുമാര്‍.

സംഭവത്തില്‍ പ്രതിഷേധിച്ച് പത്തനാപുരം ഡിപ്പോയിലെ 43 ബസുകളും ഇന്ന് സര്‍വീസ് നടത്തുന്നില്ല. പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.