ജൂലൈ ഒന്ന് മുതല്‍ സിറ്റി, ടൗണ്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള ബസുകള്‍ക്ക് വാതിലുകൾ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. വാതിലുകൾ ഘടിപ്പിക്കുന്നത് വഴി കൂടുതൽ ജീവനക്കാരെ ജോലിക്ക് എടുക്കേണ്ടിവരുമെന്നും ഇത് ബസ്സുടമകൾക്ക് അധിക സാന്പത്തിക ഭാരമാകുമെന്നുമാണ് സംഘടനയുടെ വാദം.

അതേസമയം ഉത്തരവ് കർശനമായി നടപ്പിലാക്കുന്നതിന് 15 ദിവസത്തെ സാവകാശംകൂടി നൽകുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. അനുവദിച്ച സമയത്തിനകം വാതിലുകൾ ഘടിപ്പിക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ഉടമകൾ അറിയിച്ചതിനെത്തുടർന്നാണ് സമയം നീട്ടി നൽകിയത്. ജൂലൈ 15ന് ശേഷം വാതിലുകള്‍ അടക്കാതെയും തുറന്ന് കെട്ടി വെച്ചും സര്‍വ്വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇതിനായി ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും, മേഖലാ ജോയിന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാതിലുകള്‍ നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം മനുഷ്യാവകാശ കമ്മീഷനും, ഹൈക്കോടതിയും ഇതിനോടകം സര്‍ക്കാരിന് നല്‍കിയിരുന്നു.