കോഴിക്കോട്: ടിക്കറ്റിന്‍റെ ബാക്കി ചോദിച്ച യാത്രക്കാരനെ സ്വകാര്യ ബസ്സ് ജീവനക്കാർ മർദ്ദിച്ചു കാലൊടിച്ചതായി പരാതി. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി ശിവദാസനെയാണ് സ്വകാര്യ ബസ്സ് ജീവനക്കാർ മർദ്ദിച്ചത്. മർദ്ദനം സംബന്ധിച്ച് പരാതി നൽകിയിട്ടും ഇതുവരെയായും പ്രതികളെ പിടികൂടിയിട്ടില്ല.
പെരുമണ്ണയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്ന ശിവദാസനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പാലാഴി – കോഴിക്കോട് റൂട്ടിലോടുന്ന എംടിസി ബസ്സിലെ കണ്ടക്ടറും ക്ലീനറും ചേർന്ന് മർദ്ദിക്കുകയായിരുന്നു. ടിക്കറ്റെടുത്തപ്പോൾ ബാലൻസ് നൽകിയതിൽ പത്ത് രൂപയുടെ കുറവ് ഉണ്ടെന്ന് കണ്ട് ചോദിച്ചതാണ് ബസ്സ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.
മർദ്ദനത്തിൽ ശിവാദസന്‍റെ കാൽമുട്ട് തകർന്നു. നാട്ടുകാർ ഇടപ്പെട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നല്ലളം പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഇത് വരെ പ്രതികളെ പിടികൂടിയില്ല. ഇപ്പോൾ ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ശിവദാസൻ.
നാസർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്. കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നല്ലളം പൊലീസിന്‍റെ വിശദീകരണം. മനുഷ്യാവകാശ കമ്മിഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകാനൊരുങ്ങുകയാണ് ശിവദാസൻ.
