സ്‌കൂള്‍ തുറന്നപ്പോള്‍ കൂട്ടുകാരെല്ലാം ക്ലാസിലെത്തിയിട്ടും ആല്‍ബന്‍ എന്ന കൊച്ചു മിടുക്കന്‍ വീട്ടില്‍ തന്നെയിരിപ്പാണ്. കൊച്ചി ഇടപ്പള്ളി ക്യാംപയിന്‍ സിബിഎസ്ഇ സ്‌കൂളില്‍ 48000 രൂപ ഡൊഷേണന്‍ കൊടുത്താണ് മാതാപിതാക്കള്‍ ആല്‍ബനെ എല്‍കെജിയില്‍ ചേര്‍ത്തത്. ഇപ്പോള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം കിട്ടണമെങ്കില്‍ 9000 രൂപ നല്‍കണമെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നത്. പുസ്തകങ്ങള്‍ക്കും മറ്റു ചെലവുകള്‍ക്കും പുറമെയാണിത്.

ആല്‍ബനെ പോലെ മറ്റു 13 പേര്‍ക്കാണ് ഡൊഷേണന്‍ നല്‍കാത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. പുതിയ അധ്യായനവര്‍ഷം തുടങ്ങിയതിനാല്‍ മറ്റ് എവിടെയും പ്രവേശനം കിട്ടാത്ത അവസ്ഥ. മറ്റു ക്ലാസുകളിലും ഡൊണേഷന്‍ കൊടുക്കാത്തതിന്റെ പേരില്‍ പ്രവേശനം നല്‍കിയിട്ടില്ല.

വലിയ തുക വാങ്ങുമ്പോഴും സ്‌കൂളില്‍ സിബിഎസ്ഇ അനുശാസിക്കുന്ന അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം സ്‌കൂള്‍ മാനേജ്‌മെന്റ് നിഷേധിച്ചു.

വിദ്യാഭ്യാസരംഗത്ത് നടക്കുന്ന കച്ചവടത്തിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. ഡൊണേഷന്‍ സംവിധാനം പൂര്‍ണമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.