ഇന്ത്യൻ സ്കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയില്‍
റിയാദ്: സൗദിയിൽ അടിസ്ഥാനസൗകര്യമില്ലാത്ത സ്വകാര്യ സ്കൂളുകൾ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിരവധി ഇന്ത്യൻ സ്കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ നിർമ്മിച്ച കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഇന്റർനാഷണൽ സ്കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അടച്ചുപൂട്ടുമെന്നു മന്ത്രാലയം അറിയിച്ചു.
1412 സ്കൂളുകളാണ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ നിർമ്മിച്ച കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്. ഈ സ്കൂളുകൾ മാനദണ്ഡങ്ങൾ പാലിച്ചു പദവി ശരിയാക്കുന്നതിനുള്ള പദ്ധതി മന്ത്രാലയത്തിന് സമർപ്പിക്കണം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ നിർമ്മിച്ച കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. പദ്ധതി സമർപ്പിക്കുന്ന സ്കൂളുകൾക്ക് മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ പോയിന്റ് കണക്കാക്കും.
49 ഉം അതിൽ കുറവും പോയിന്റ് ലഭിച്ച സ്കൂളുകൾക്ക് ഒരുവർഷത്തെ സാവകാശം നൽകും. എന്നാൽ 80 ഉം അതിൽ കൂടുതലും പോയിന്റ് ലഭിക്കുന്ന സ്കൂളുകൾക്ക് നാലു വർഷത്തെ സാവകാശം ലഭിക്കും. സാവകാശം നൽകിയ സമയ പരിധിക്കുള്ളിൽ അടിസ്ഥാന സൗകര്യത്തിൽ മാറ്റം വരുത്താത്ത സ്കൂളുകൾ അടച്ചു പൂട്ടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
