മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി (72) അന്തരിച്ചു. ദില്ലിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ച് 2008 മുതല്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളിലെ റായ്ഗഞ്ജ് മണ്ഡലത്തില്‍നിന്നുള്ള എംപിയായിരുന്നു പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി. അദ്ദേഹത്തിന്‍റെ ഭാര്യ ദീപയാണ് നിലവില്‍ റായ്ഗഞ്ജിലെ എംപി.
യുപിഎ മന്ത്രിസഭയിലെ പാര്‍ലമെന്‍ററികാര്യമന്ത്രിയായിരുന്നു അദ്ദേഹം. 1999 മുതല്‍ 2009 വരെ നീണ്ട 11 വര്‍ഷം പാര്‍ലമെന്‍റ് അംഗമായിരുന്നു പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി. 2004 മുതല്‍ 2008 വരെ ഒന്നാം യുപിഎ മന്ത്രിസഭയില്‍ പാര്‍ലമെന്‍ററികാര്യമന്ത്രിയായിരുന്നു. ഫുട്ബോള്‍ പ്രേമിയായിരുന്ന പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി 20 വര്‍ഷത്തോളം ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ അധ്യക്ഷനായിരുന്നു. ഫിഫ ലോകകപ്പ് മത്സരത്തിന്‍റെ മാച്ച് കമ്മീഷ്ണറായ ആദ്യ ഇന്ത്യക്കാരനും പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി ആയിരുന്നു.
പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ വിയോഗത്തില്‍ വിവിധ നേതാക്കള്‍ അനുശോചനം അറിയിച്ചു. മുൻഷി ജനപ്രിയ നേതാവായിരുന്നുവെന്നും ഇന്ത്യന്‍ ഫുട്ബാളിന്‍റെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ കുറിച്ചു.
ബംഗാളിനും കോണ്‍ഗ്രസിനും മുതിര്‍ന്ന നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
