തിരുവനന്തപുരം: ടിപി സെൻകുമാറിനെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാനസർക്കാർ. സുപ്രീംകോടതി നോട്ടീസ് അയക്കുന്നതിന് മുൻപ് തന്നെ സെൻകുമാറിന്‍റെ ഹർജിയെ എതിർക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാർ അഭിഭാഷകന് നിർദ്ദേശം നൽകി. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയപകപോക്കലാണെന്നാരോപിച്ചാണ് ടി പി സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചത്.
ടി പി ചന്ദ്രശേഖരൻ വധം ഷുക്കൂർ വധം തുടങ്ങിയ രാഷ്ട്രീയകൊലപാതകക്കേസുകളിൽ സ്വീകരിച്ച നിലപാടുകൾ സിപിഎം കേന്ദ്രങ്ങളെ ഭയപ്പെടുത്തിയെന്നും സെൻകുമാർ ആരോപിച്ചിരുന്നു. ഹർജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് സംസ്ഥാനസർക്കാർ നിലപാട് കടുപ്പിക്കാൻ നിർദ്ദേശിച്ചത്. സെൻകുമാറിന്റെ ആരോപണത്തെ ഹർജി പരിഗണിക്കുമ്പോൾ തന്നെ എതിർക്കാൻ അഡ്വക്കേറ്റ് ജനറൽ നിർദ്ദേശം നൽകി.
സംസ്ഥാനസർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയക്കുന്നതിന് മുൻപ് തന്നെ ഹർജിയെ എതിർക്കണമെന്നാണ് നിർദ്ദേശം. കീഴ്ക്കോടതിയിൽ പറയാക്കത്ത കാര്യങ്ങളാണ് സെൻകുമാർ സുപ്രീംകോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിക്കരുതെന്നും സ്റ്റാഡിംഗ് കൗൺസിലിനോട് എജി നിർദ്ദേശിച്ചു.
ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ സർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചത്.
