ചെന്നൈ: കോടനാട് എസ്റ്റേറ്റിലെ സുരക്ഷാ ജീവനകാരന്‍ ഓം ബഹദൂരിനെ കൊലപെടുത്തിയ കേസില്‍ പ്രതികളിലൊരാളുമായി പൊലീസ് എസ്റ്റേറ്റിലെത്തി തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷാ സന്നാഹങ്ങളൊരുക്കിയാണ് തെളിവെടുപ്പ് നടന്നത്.

നീലഗിരി എസ് പി മുരളീ രംഭയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റിലായ നാല് പ്രതികളിലൊരാളുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രതികള്‍ ഓം ബഹദൂറിനെ കൊലപെടുത്തിയ പത്താം നമ്പര്‍ ഗേറ്റ്, മോഷണം നടന്ന ബംഗ്ലാവ് എന്നിവിടങ്ങളില്‍ അന്വേഷണ സംഘം എത്തി. എങ്ങിനെയാണ് കൃത്യം നടത്തിയതെന്ന് പ്രതി വിവരിച്ചു. ഔദ്യോഗിക രേഖകള്‍ പ്രകാരം 900 ഏക്കര്‍ വരുന്നതാണ് കോടനാട് എസ്റ്റേറ്റ്. 12 വലിയ ഗേറ്റുകളുടക്കം 20 ഗേറ്റുകള്‍ ഇവിടെയുണ്ട്. 1500നടുത്ത് ജീവനക്കാരാണ് എസ്റ്റേറ്റിലുള്ളത്. കൊല്ലപ്പെട്ട നേപ്പാള്‍ സ്വദേശി ഓം ബഹദൂറിന്റെ ബന്ധു ബാല്‍ ബഹദൂര്‍ നാലാം ഗേറ്റില്‍ ഇപ്പോഴും ജോലി നോക്കുന്നു. എന്നാല്‍ മരണം സംബന്ധിച്ച് പ്രതികരിക്കാന്‍ തന്നെ ഇവര്‍ക്ക് ഭയമാണ്. ഞങ്ങള്‍ സമീപിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറി. മാനേജരടക്കമുള്ള മറ്റ് ജീവനക്കാരും എസ്റ്റേറ്റിലുണ്ടെങ്കിലും കൊലപാതകത്തെകുറിച്ചോ പുറത്ത് നടക്കുന്ന വിവാദങ്ങളെ കുറിച്ചോ ഇവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ജയലളിതയുടെ മരണശേഷവും വളരെ മികച്ച രീതിയിലാണ് കോടനാട് എസ്റ്റേറ്റിന്റെ പ്രവര്‍ത്തനം. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ശേഷം പ്രതിയെ കൂനൂര്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കേസിലെ അഞ്ചു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഏറെ അഭ്യൂഹങ്ങളുയുരമ്പോഴും.കനകരാജ് മരിച്ചതിനും സയണ്‍ അപകടത്തില്‍പ്പെട്ടതിനും ദുരൂഹതയില്ലെന്നുമാണ് തമിഴ്‌നാട് പൊലീസ് നിലപാട്. അതേസമയം കോടനാട് എസ്റ്റേറ്റിനടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോകുന്ന വാഹനങ്ങള്‍ വരെ സംശയ ദൃഷ്ടിയോടെയാണ് പൊലീസ് കാണുന്നത്.