ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ കാണാതായ മൂന്നു വയസ്സുകാരി ഷെറിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് വീട്ടിൽ നിന്നും വാഹനങ്ങളിൽ നിന്നുമായി സാധനങ്ങൾ പിടിച്ചെടുത്തു. ഇവ പരിശോധിച്ച് വരികയാണ്. അതേസമയം നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കാനായി 30 സെര്‍ച്ച് വാറന്‍റുകള്‍ അനുവദിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

വീട്ടില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമായി 47 വസ്തുക്കള്‍ പിടിച്ചെടുത്തതായും അന്വേഷണ സംഘം വെളിപ്പെടുത്തി. അഞ്ച് സെല്‍ഫോണ്‍, മൂന്ന് ലാപ്ടോപ്പ്, ഡിജിറ്റല്‍ ക്യാമറ, ടാബ്ളറ്റ്, ഷെറിന്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവ ഇതില്‍പെടുന്നു. ഡിഎന്‍എ സാമ്പിളുകള്‍ വാഹനങ്ങളില്‍ നിന്ന് ശേഖരിച്ചതായും സൂചനയുണ്ട്.

മാതാപിതാക്കളായ വെസ്ലിയേയും സിനിയേയും കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. പൊലീസിന് ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നിന്ന് രണ്ട്മൈല്‍ അകലെയുള്ള റിച്ച്ലന്‍ പരിസരത്ത് പൊലീസ് ഡ്രോണുകള്‍ ഉപയോഗിച്ച് അന്വേഷണം നടത്തി. ജനങ്ങളുടെ ഉറച്ച പിന്തുണയോടെ അന്വേഷണം പുരോഗമിക്കുകയാണ്.