കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിനിമാ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവ ദിവസത്തെ ചില കോളുകള്‍ സംശയാസ്പദമാണെന്നും തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ ക്വട്ടേഷന്‍ നല്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

സംഭവത്തിന് പിന്നാല പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. സുനി പതിവായി ഉപയോഗിക്കുന്ന നമ്പറും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ സിം കാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടും. മൂന്ന് മാസത്തെ രേഖകളാണ് ശേഖരിച്ചത്. ഇതില്‍ സംഭവം നടന്ന അന്നും അതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും നടന്ന ചില വിളികള്‍ സംശയാസ്പദമെന്നാണ് അന്വേഷണ സംഘം പറയുന്നത്. സിനിമാ രംഗത്തും പുറത്തും പ്രവര്‍ത്തിക്കുന്നവരുടെ കോളുകള്‍ ഇതിലുള്‍പ്പെടും. നടിയെ തട്ടിക്കൊണ്ടു പോകാന്‍ ആരെങ്കിലും സുനിക്ക് ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. ഈ സാഹചര്യത്തിലാണ് സിനിമ മേഖലയിലുള്ളവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം.

സംഭവം നടന്ന ദിവസം രാത്രി പൊലീസിന്റെ സാന്നിധ്യത്തില്‍ സിനിമാ നിര്‍മാതാവ് വിളിക്കുമ്പോള്‍ മാത്രമാണ് താന്‍ കുടുങ്ങിയെന്ന കാര്യം പള്‍സര്‍ സുനി അറിയുന്നതും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോകുന്നതും. അത് കൊണ്ട് തന്നെ ഇതിന് തൊട്ടു മുമ്പുള്ള കോളുകളുടെ നിജസ്ഥിതി ബോധ്യപ്പെടാനായാല്‍ ഗുഢാലോചന സംബന്ധിച്ച് വ്യക്തത കൈവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ഇതിനിടെ പാലക്കാട് അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയ മണികണ്ഠന്റെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പണത്തിന് വേണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുക മാത്രമായിരുന്നു ഉദ്ദേശ്യം എന്നാണ് മണികണ്ഠന്‍ മൊഴി നല്‍കിയിരിക്കുന്നത്. താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്നും ഇയാള്‍ പറയുന്നു. പണം വീതം വെക്കുന്നത് സംബന്ധിച്ച് സുനിയുമായി തര്‍ക്കമുണ്ടായെന്നും മണികണ്ഠന്റെ മൊഴിയിലുണ്ട്.