നടിക്കെതിരെയുള്ള ആക്രമണത്തിന്റെ പിന്നിലെ ഗൂഡാലോചനയെ കുറിച്ചുള്ള അന്വേഷണം നീണ്ടുപോകുന്നതിൽ ഡിജിപിക്ക് അതൃപ്‍തി. ഏപ്രിൽ മാസത്തിൽ കൈമാറിയ പരാതിയിൽ ഇതുവരെയും തെളിവുകള്‍ ശേഖരിക്കാൻ കഴിയാത്തതിലെ അതൃപ്‍തി അന്വേഷണ സംഘത്തെ വിളിച്ചുവരുത്തി ഡിജിപി അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് എഡിജിപി ബി.സന്ധ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശിപ് എന്നിവരുടെമായി ലോകനാഥ് ബെഹ്റ അന്വേഷണ പുരോഗതി ചർച്ച ചെയ്തത്. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ തെളിവുകള്‍ എത്രയും വേഗം ശേഖരിച്ച് അന്വേഷണം അടുത്തഘട്ടത്തിലേക്ക് നീങ്ങണമെന്ന് ഡിജിപി കർശന നിർദ്ദേശം നൽകി. അന്വേഷണ സംഘത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും അന്വേഷണത്തിന് പുതിയ നിർദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.