ബി എസ് സി കെമിസ്ട്രി വിദ്യര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്  30 കാരനായ കെമിസ്ട്രി അധ്യാപകനെ അറസ്റ്റ് ചെയ്തത്

മുംബൈ: ലൈം​ഗിക ബന്ധത്തിന് സമ്മതിച്ചാൽ പരീക്ഷയിൽ ജയിപ്പിക്കാമെന്ന് ഉറപ്പു നൽകി വിദ്യാർഥിനിയെ ശല്യം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഒരു കോളേജിലാണ് സംഭവം. ബി എസ് സി കെമിസ്ട്രി വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് 30 കാരനായ കെമിസ്ട്രി അധ്യാപകനെ അറസ്റ്റ് ചെയ്തത്.

ചില പ്രശ്നങ്ങളെ തുടർന്ന് ദിവസങ്ങളോളം കുട്ടിക്ക് ക്ലാസിൽ വരാൻ സാധിച്ചില്ല. ഇതേ തുടർന്ന് പ്രാക്ടിക്കൽ പരീക്ഷയിൽ തന്നെ സഹായിക്കണമെന്ന് പത്തൊമ്പതുകാരിയായ വിദ്യാർഥിനി അധ്യാപകനോട് ആവശ്യപ്പെട്ടു. എന്നാൽ തനിക്കൊപ്പം ലൈം​ഗിക ബന്ധത്തിന് തയ്യാറായാൽ പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് പുറമേ തീയറി പരീക്ഷയിലും ജയിപ്പിക്കാമെന്ന് അധ്യാപകൻ കുട്ടിയോട് പറയുകയായിരുന്നു.

ഇതേ തുടർന്ന് പെൺകുട്ടി ഗാം ദേവി പൊലീസ് സ്‌റ്റേഷനില്‍ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോളേജിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.