ബാഗ്ലൂർ: ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആർഒ മുൻ ചെയർമാനുമായ യു.ആർ റാവു(85) അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ 2.30 ഓടെ അന്തരിക്കുകയായിരുന്നു. സതീഷ്ധവാനു ശേഷം 1984-1994 വരെ ഐ.എസ്.ആർ.ഒ ചെയർമാനായിരുന്നു. ഫിസിക്കൽ റിസർച്ച് ലബോറട്ടറി ചെയർമാൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ചാൻസലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 10 അന്താരാഷ്ട്ര അവാർഡുകളും നിരവധി ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്. ഈ വർഷം പദ്മ വിഭൂഷണും ലഭിച്ചു. വിദേശ സർവകലാശാലകളിലും ഉന്നത സ്ഥാനം വഹിച്ചിട്ടുണ്ട്.

അദംപൂർ ഗ്രാമത്തിൽ ജനിച്ച ഉദുപൈ രാമചന്ദ്ര റാവു എന്ന യു.ആർ റാവു സതീഷ് ധവാൻ, വിക്രം സാരാഭായ്, എം.ജി.കെ മേനോൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചു. 350 ഓളം ശാസ്ത്ര സാങ്കേതിക പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന ബോലോഗ്ന സർവകലാശാല ഉൾപ്പെടെ ലോകത്തിലെ 25 സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
