നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കിങ് ലയറാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അഭിപ്രായപ്പെട്ടു. സംഭവത്തിന്റെ തുടക്കത്തിന്റെ തുടക്കത്തില്‍ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നുവെന്നും ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കള്ളന്റെ കുമ്പസാരം വിശ്വസിച്ച് പൊലീസ് ദിലീപിനെ കുരിശിലേറ്റുകയെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. വാദം പൂര്‍ത്തിയായതോടെ കേസ് വിധി പറയാനായി മാറ്റി.
സുനില്‍കുമാറുമായി ബന്ധമില്ലെന്ന ദിലീപിന്റെ വാദത്തെ ഖണ്ഡിച്ച് പ്രോസിക്യൂഷന്‍ ദിലീപ് കിങ് ലയറാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. കാവ്യയും കുടുംബവുമായി ബന്ധമുണ്ടായിരുന്നു എന്ന സുനിയുടെ മൊഴിയായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ആയുധം. സുനില്‍, കാവ്യാ മാധവന്റെ വാഹനം ഓടിച്ചിട്ടുണ്ട്. കാവ്യയുടെയും കുടുംബത്തിനെയും തൃശൂരിലേക്കുള്ള യാത്രയില്‍ സുനിയായിരുന്നു ഡ്രൈവര്‍. ആ ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ച് പണം ആവശ്യപ്പെട്ടതായും പള്‍സര്‍ സുനി മൊഴി നല്കിയിട്ടുണ്ട്. ദിലീപ് നിര്‍ദ്ദേശിച്ചതനുസരിച്ച് കാവ്യ 25,000 രൂപ പള്‍സര്‍ സുനിക്ക് നല്കി. ഡി.ജി.പിക്ക് ദിലീപ് പരാതി നല്കും മുന്‍പ് തന്നെ, ദിലീപിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. സംഭവം ദിലീപിന്റെ ക്വട്ടേഷനായിരുന്നുവെന്ന് മറ്റൊരു പ്രതിയായ ചാര്‍ലി നല്കിയ മൊഴിയും പ്രോസിക്യൂഷന്‍ അവതരിപ്പിച്ചു.
ജയിലിലെ പോലീസുകാരനായ അനീഷിന്റെ ഫോണില്‍ നിന്നും സുനി കാവ്യയുടെ വസ്‌ത്രവ്യാപാരശാലയിലേക്ക് വിളിച്ചിട്ടുണ്ട്. അനീഷിന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദശകലം ദിലീപിന് കൈമാറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തന്ത്രശാലിയായ ദിലീപ് മികച്ച കളിക്കാരനെ ഇറക്കിയാണ് കൃത്യം നടത്തിയതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. അതേ സമയം സുനി ദിലീപിനയച്ച കത്തിന്റെ ആധികാരികത പ്രതിഭാഗം ചോദ്യം ചെയ്തു. ദിലീപിനെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമായി പുറത്തുനിന്ന് തയ്യാറാക്കിയതാണ് കത്തെന്നും അവര്‍ ആരോപിച്ചു. പൊലീസുകാരന്റെ ഫോണില്‍ നിന്നും വിളിച്ചു എന്നത് പുതിയ കള്ളക്കഥയാണ്. ഒരു കള്ളന്റെ കുമ്പസാരം വിശ്വസിച്ച് പൊലീസ് ദിലീപിനെ കുരിശിലേറ്റുകയാണ്. ഒന്നരക്കോടി വാഗ്ദാനം ചെയ്തിരുന്നെന്നാണ് സുനില്‍ പറയുന്നത്. സംഭവത്തില്‍ പങ്കുണ്ടായിരുന്നെങ്കില്‍ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമിക്കുമായിരുന്നില്ലേയെന്നും പ്രതിഭാഗം കോടതിയില്‍ ചോദിച്ചു. വാദം പൂര്‍ത്തിയായതോടെ കേസ് വിധിപറയാനായി മാറ്റി.
