കണ്ണൂര്‍: അഴീക്കലില്‍ സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ദലിതരോട് അയിത്തമെന്ന് ആരോപണം. ഉത്സവത്തിന്റെ ഭാഗമായുള്ള
ഉടവാൾ എഴുന്നള്ളിപ്പ് പുലയ സമുദായക്കാരുടെ വീടുകളിൽ കയറുന്നില്ലെന്നാണ് പരാതി. നൂറ്റാണ്ടുകളായി തുടരുന്ന രീതിയാണ് ഇതെന്നും ദലിതരാവശ്യപ്പെട്ടാൽ മാറ്റം വരുത്തുന്നതാലോചിക്കുമെന്നും ക്ഷേത്രം ഭാരവാഹികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അഴീക്കല്‍ പാമ്പാടി ക്ഷേത്രത്തിലെ ഉല്‍സവത്തിനോടനുബന്ധിച്ച് നടത്തുന്ന എഴുന്നള്ളിപ്പിൽ പുലയ സമുദായത്തോട് അയിത്തം കാണിക്കുന്നുവെന്നാരോപിച്ച് സി.കെ ജാനുവിന്റ പാർട്ടിയായ ജെ.ആർ.എസ് നേതാവ് സുനില്‍ കുമാറാണ് കളക്ട്രേറ്റ് നടയില്‍ നിരാഹാരമിരിക്കുന്നത്. ഇക്കാര്യത്തിൽ രണ്ട് വര്‍ഷം മുന്‍പ് കളക്ടറുടെ നേതൃത്വത്തില്‍ സമവായമുണ്ടാക്കിയെങ്കിലും ക്ഷേത്ര സമിതി ഇത് പാലിച്ചിട്ടില്ലെന്നും സുനില്‍ കുമാര്‍ പറയുന്നു.

എന്നാല്‍ ക്ഷേത്രകമ്മിറ്റിയുടെ വിശദീകരണമിതാണ്. എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന ക്ഷേത്രത്തില്‍ യാതൊരുവിധത്തിലുമുള്ള അയിത്തവുമില്ല. എഴുന്നള്ളിപ്പിന്‍റെ കാര്യത്തില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന കീഴ്വഴക്കം പാലിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും സമിതി കൂട്ടിച്ചേര്‍ക്കുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാര്ച്ച് 12 ന് സമിതിയുടെ ജനറല്‍ ബോഡി വിളിക്കാനാണ് തീരുമാനം. യോഗത്തിൽ പ്രദേശത്തെ ദലിതര്‍ ആവശ്യപ്പെടുന്ന പക്ഷം ചട്ടങ്ങളില്‍ പുനപരിശോധന നടത്താന്‍ തായ്യാറാണെന്നും സമിതി വ്യക്തമാക്കി.

വിഷയത്തിൽ സിപിഎം നേതൃത്വം നൽകുന്ന ട്രസ്റ്റിനെതിരെ ആരോപണങ്ങളിൾ ഏറ്റെടുത്ത് ബിജെപിയും രംഗത്തെത്തിയിരുന്നു. ഈ ഘട്ടത്തിലാണ് കൂടുതൽ വിവാദങ്ങളിലേക്ക് പോകാതെ പ്രശ്നത്തിൽ പുനപരിശോധന നടത്താനുള്ള തീരുമാനം.