അമ്മാറയില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചു കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടടപ്പെട്ടത്. മുപ്പത് ഏക്കറോളം കൃഷിയും നശിച്ചു. ഇതിനെല്ലാം കാരണം സമീപമുള്ള കരിങ്കല്‍ ക്വാറിയാണെന്ന് അന്നുതന്നെ നാട്ടുകാര്‍ ആരോപിച്ചിരുന്നു

വയനാട്: പ്രളയകാലത്ത് ഉരുള്‍പൊട്ടലുണ്ടായ വയനാട് അമ്മാറയില്‍ കരിങ്കല്‍ ക്വാറിയും ക്രഷറും തുറക്കാന്‍ അനുമതി നല്‍കിയ ജില്ലാ ഭരണകൂടത്തിനെതിരെ നാട്ടുകാര്‍ സമരം തുടങ്ങി. ഉരുള്‍പൊട്ടലുണ്ടാക്കിയ ക്വാറിക്ക് അനുമതി റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരിസ്ഥിതി പ്രശ്നമുണ്ടെങ്കില്‍ ആവശ്യം പരിഗണിക്കാമെന്നാണ് വിഷയത്തില്‍ ജില്ലാ കളക്ടറുടെ വിശദീകരണം. അമ്മാറയില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചു കുടുംബങ്ങള്‍ക്കാണ് വീട് നഷ്ട്ടപ്പെട്ടത്. മുപ്പത് ഏക്കറോളം കൃഷിയും നശിച്ചു. ഇതിനെല്ലാം കാരണം സമീപമുള്ള കരിങ്കല്‍ ക്വാറിയാണെന്ന് അന്നുതന്നെ നാട്ടുകാര്‍ ആരോപിച്ചിരുന്നു.

ക്വാറി ഇനി തുറക്കരുതെന്ന് ആവശ്യപെടുകയും ചെയ്തു. ക്വാറിയുടെ പ്രവര്‍ത്തനം മൂലം പ്രദേശത്തെ നീര്‍ച്ചാലുകള്‍ അപ്രത്യക്ഷമായിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായതുമാണ്. എന്നാല്‍, ജില്ലാ ഭരണകൂടം ഇതെല്ലാം മറന്ന് ഒരാഴ്ച മുമ്പ് ക്വാറി തുറക്കാനുള്ള അനുമതിയും നല്‍കി. ഉടമകള്‍ പണമിടപാട് നടത്തി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് നാട്ടുകാര്‍ക്ക് ആരോപിക്കുന്നു. അതേസമയം, പരിസ്ഥിതി പ്രശ്നമുണ്ടെങ്കില്‍ പഠനശേഷം നടപടിയടുക്കുമെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.