Asianet News MalayalamAsianet News Malayalam

'തെങ്ങ് കയറേണ്ടവന്‍ തലയില്‍'; മുഖ്യമന്ത്രിയെ ജാതിപരമായി അധിക്ഷേപിച്ച ജന്മഭൂമിക്കെതിരെ പ്രതിഷേധം

തെങ്ങു കയറ്റക്കാരും ചെത്തുകാരും അടങ്ങിയ ഈഴവ വിഭാഗത്തെ അവഹേളിക്കുന്നതും ഈ വിഭാഗത്തിലുള്ളവര്‍ അധികാരത്തിലെത്തരുതെന്ന സന്ദേശവുമാണ് കാര്‍ട്ടൂണ്‍ പങ്കുവെയ്ക്കുന്നതെന്നുമാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്

protest against janmabhoomi for publishing cartoon against pinarayi vijayan
Author
Thiruvananthapuram, First Published Dec 24, 2018, 3:12 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപരമായി അധിക്ഷേപിച്ച ജന്മഭൂമി കാര്‍ട്ടൂണിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. ഡിസംബര്‍ 22ന് പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ഇത് പ്രമേയമാക്കിയാണ് ജന്മഭൂമി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

'വനിതാ മതില്‍: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്' എന്ന തലക്കെട്ടില്‍ വന്ന കാര്‍ട്ടൂണില്‍ 'തെങ്ങു കയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം' എന്ന അടിക്കുറിപ്പാണ് ജന്മഭൂമി നല്‍കിയത്. ദൃക്സാക്ഷി എന്ന കാര്‍ട്ടൂണ്‍ കോളത്തിലാണ് വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.

തെങ്ങു കയറ്റക്കാരും ചെത്തുകാരും അടങ്ങിയ ഈഴവ വിഭാഗത്തെ അവഹേളിക്കുന്നതും ഈ വിഭാഗത്തിലുള്ളവര്‍ അധികാരത്തിലെത്തരുതെന്ന സന്ദേശവുമാണ് കാര്‍ട്ടൂണ്‍ പങ്കുവെയ്ക്കുന്നതെന്നുമാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ബിജെപിയോടും സംഘപരിവാറോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈഴവരോടുള്ള അവരുടെ മനോഭാവം തെളിയിക്കുന്ന കാര്‍ട്ടൂണ്‍ ആണ് ഇതെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശകര്‍ കുറിക്കുന്നു. നേരത്തെ, മുഖ്യമന്ത്രിയെ ജാതിപരമായ പരാമര്‍ശം നടത്തിയ സ്ത്രീക്കെതിരെ കേസെടുത്തിരുന്നു. 

Follow Us:
Download App:
  • android
  • ios