മൂന്നാര്‍: വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ നിരാഹാര സമരം തുടരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാര്ട്ടി നേതാവ് സി.ആര്‍. നീലകണ്ഠനും നിരാഹാര സമരത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. സമരത്തിന് പിന്തുണയുമായി വിവിധ രാഷ്‌ട്രീയ നേതാക്കളും സംഘടനാ ഭാരവാഹികളും ഇന്നലെ സമരപ്പന്തലിലെത്തിയിരുന്നു. ഇന്നും നിരവധി പേര്‍ പിന്തുണയുമായി സമരപ്പന്തലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പൊമ്പിളൈ ഒരുമൈ മുമ്പ് നടത്തിയ സമരത്തിലെ പോലെയുള്ള തൊഴിലാളി പങ്കാളിത്തം ഇത്തവണയില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് സമരത്തില്‍ പങ്കെടുക്കുന്നവര്‍ പറയുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാവിലെ 11 മണിയോടെ മൂന്നാറിലെത്തും. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കും. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളും ഉമ്മന്‍ചാണ്ടിയോടൊപ്പം മൂന്നാറിലെത്തും. ബി.ജെ.പി നേതാവ് എം.ടി രമേശും ഇന്ന് മൂന്നാര്‍ സന്ദര്‍ശിക്കുന്നുണ്ട്.