സംസ്ഥാനം 2000 കോടിയുടെ അടിയന്തര ആവശ്യം അറിയിച്ചിട്ടും 500 കോടിയുടെ ഇടക്കാല സഹായം അനുവദിച്ചതിലും ജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്. പ്രാഥമിക സഹായം അഭ്യര്‍ഥിച്ചപ്പോഴും സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ ചിറ്റമ്മ നയമാണ് കാണിച്ചത്
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം കേരളത്തില്‍ ആഞ്ഞടിച്ചിട്ടും അത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം. നവമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രത്തിനെതിരായ കാമ്പയിനുകള്‍ ആരംഭിച്ചിരുന്നു. വെള്ളം ചെറിയ തോതില്‍ ഇറങ്ങി തുടങ്ങിയതോടെ പൊതു സമൂഹത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
സംസ്ഥാനം 2000 കോടിയുടെ അടിയന്തര ആവശ്യം അറിയിച്ചിട്ടും 500 കോടിയുടെ ഇടക്കാല സഹായം അനുവദിച്ചതിലും ജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്. പ്രാഥമിക സഹായം അഭ്യര്‍ഥിച്ചപ്പോഴും സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ ചിറ്റമ്മ നയമാണ് കാണിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്.
എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റുകയുള്ളുവെന്നും അടിയന്തരമായി 2000 കോടി രൂപ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്. ഇതെല്ലാം അറിയിച്ചിട്ടും 500 കോടി അനുവദിച്ചതിലാണ് പ്രതിഷേധം.
