കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്റെ മലിനജലശുദ്ധീകരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിര്‍ദ്ദിഷ്ട പ്ലാന്റ് നീര്‍ത്തടമേഖലയിലാണ് നിര്‍മിക്കുന്നതെന്നും പ്ലാന്റ് യാഥാര്‍ത്ഥ്യമായാല്‍ പ്രദേശത്ത് ആര്‍ക്കും താമസിക്കാനാവില്ലെന്നുമാണ് പ്രതിഷേധക്കാരുടെ വാദങ്ങള്‍. പ്ലാന്റ് നിര്‍മാണത്തിനെതിരായ പരാതി ഹരിത ട്രിബ്യൂണല്‍ നാളെ പരിഗണിക്കും.

കോഴിക്കോട് സരോവരം ബയോപാര്‍ക്കിനടുത്ത് 2.6 ഏക്കറിലാണ് നിര്‍ദ്ദിഷ്ട മലിനജനശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണം. കോഴിക്കോട് നഗരത്തിലെ കക്കൂസ് മാലിന്യങ്ങളടക്കം എല്ലാം ശുദ്ധീകരിക്കാന്‍ ഉതകുന്ന തരത്തിലുള്ളതാണ് പ്ലാന്റ്. എ ഡി ബി ഫണ്ട് ഉപയോഗിച്ച് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടനിര്‍മാണ ചെലവ് 29 കോടിയാണ്. പ്ലാന്റ് നീര്‍ത്തടതണ്ണീര്‍ത്തട നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മിക്കുന്നതെന്നും മേഖലയിലെ ശേഷിക്കുന്ന ജലാശയങ്ങളും കണ്ടല്‍ക്കാടുകളും പ്ലാന്റ് വന്നാല്‍ നശിപ്പിക്കുമെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.

പ്ലാന്റ് യാഥാര്‍ത്ഥ്യമായാല്‍ ഇവിടെ ആര്‍ക്കും താമസിക്കാനാവില്ലെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്മാണം തടയണമെന്നാണ് ഇവരുടെ ആവശ്യം. ഇവരുടെ പരാതിയില്‍ കഴിഞ്ഞ ഡിസംബറില്‍ ഹരിതട്രിബ്യൂണല്‍ പ്ലാന്റ് നിര്‍മാണം സ്റ്റേ ചെയ്തതാണ്. ഈ നടപടിക്കെതിരെ കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. തിങ്കളാഴ്ച കേസ് ഹരിതട്രിബ്യൂണല്‍ പരിഗണിക്കും. അതേസമയം നിയമലംഘനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് കോര്‍പ്പറേഷന്റെ പ്രതികരണം. ഹരിതട്രിബ്യൂണല്‍ വിധി എതിരായാല്‍ എടുക്കേണ്ട നടപടികള്‍ അപ്പോള്‍ തീരുമാനിക്കുമെന്നും മേയര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.