തിരുവനന്തപുരം: അഗസ്ത്യാർകൂടത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിര കാണി വിഭാഗം രംഗത്ത്. സ്ത്രീകൾ കയറിയാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ആദിവാസി മഹാസഭ വ്യക്തമാക്കി. എന്നാൽ പ്രതിഷേധങ്ങൾ ഭയന്ന് പിന്മാറാനില്ലെന്നാണ് മല കയറാൻ അനുമതി നേടിയെടുത്തവരുടെ നിലപാട്. 

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും അനുമതി നൽകി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. നിരവധി സ്ത്രീകളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. അതിനിടെയാണ് എതിർപ്പുമായി അഗസ്ത്യാർകൂടത്തിലെ കാണി വിഭാഗം രംഗത്തെത്തിയത്. അഗസ്ത്യമുനിയുടെ ആരാധനാലയത്തില്‍ യുവതികൾ കയറിയാൽ അശുദ്ധമാകുമെന്നാണ് ഇവരുടെ വാദം. 

എതിർപ്പ് അറിയിച്ച കാണി വിഭാഗം ഏത് രീതിയിൽ പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേ സമയം പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നാണ് സ്ത്രീകളുടെ നിലപാട് . അഗസ്ത്യാർകൂടത്തിലെ സ്ത്രികളുടെ യാത്രയെ നേരത്തെയും കാണി വിഭാഗം എതിർത്തിരുന്നു. എന്നാൽ ഒരു വിഭാഗം സ്ത്രീകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.