കോഴിക്കോട്: ഗെയില്‍ വിഷയത്തില്‍ ഇന്ന് മുതല്‍ വീണ്ടും സമരം ശക്തമാക്കാന്‍ സമരസമിതി. കോഴിക്കോട് നെല്ലിക്കാപറമ്പില്‍ ഇന്ന് രാവിലെ ഒമ്പതിന് പ്രതിഷേധ പ്രകടനം തുടങ്ങും. ഗെയ്ല്‍ പൈപ്പ് ലൈനിടുന്ന സ്ഥലത്തെത്തി നിര്‍മ്മാണം തടയുമെന്ന് സമര സമിതി അറിയിച്ചിട്ടുണ്ട്. മുക്കത്ത് കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 

ജനവാസ മേഖലയെ ഗെയില്‍ പദ്ധതിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുക്കത്ത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ കഴിഞ്ഞ മാസം ഉപവാസ സമരം നടത്തിയിരുന്നു. ഒരു ദിവസം നീണ്ടു നിന്ന ഉപവാസ സമരത്തില്‍ പഠിപ്പു മുടക്കി വിദ്യാര്‍ഥികളും പങ്കെടുത്തു. അതേസമയം, ഗെയില്‍ സമരം വികസന വിരുദ്ധരുടെ സൃഷ്‌ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.