Asianet News MalayalamAsianet News Malayalam

പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ നാമജപ പ്രതിഷേധം

പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ നാമജപ പ്രതിഷേധം. ശബരിമലയിലെ പ്രതിഷേധത്തില്‍ റിമാന്‍ഡിലായവരെ പൂജപ്പുര ജയിലിലേക്കാണ് കൊണ്ടുവരിക. ശബരിമലയിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 69 പേരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

protest at poojappura central jail
Author
Thiruvananthapuram, First Published Nov 19, 2018, 7:50 PM IST

 

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിൽ നാമജപ പ്രതിഷേധം. ശബരിമലയിലെ പ്രതിഷേധത്തില്‍ റിമാന്‍ഡിലായവരെ പൂജപ്പുര ജയിലിലേക്കാണ് കൊണ്ടുവരിക. ശബരിമലയിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 69 പേരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.  പത്തനംതിട്ട മുൻസിഫ് കോടതിയുടേതാണ് നടപടി. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. 

മണിയാറിലെ കെഎപി ക്യാംപിൽ നിന്നും വൈകീട്ട് 3 മണിയോടെയാണ് അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയത്. നടപ്പന്തലിൽ ശരണംവിളിക്കുക മാത്രമാണ് ചെയ്തതെന്ന് ഇവർ കോടതിയിൽ വാദിച്ചു. നിരോധനാജ്ഞ ലംഘിച്ച് സംഘം ചേർന്നെന്നും, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമുളള പൊലീസ് വാദം അംഗീകരിച്ച് കോടതി പ്രതിഷേധക്കാർക്ക് ജാമ്യം നിഷേധിച്ചു. 21ന് ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അറസ്റ്റിലായ 70 പേരിൽ 18 വയസിൽ താഴെയുള്ള ഒരാളെ ക്യാംപിൽ എത്തിച്ച ശേഷം ഒഴിവാക്കിയിരുന്നു. ആർഎസ്എസ് എറണാകുളം ജില്ലാ ഭാരവാഹിയായ ആർ രാജേഷായിരുന്നു സന്നിധാനത്തെ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

അറസ്റ്റിലായവരെ എത്തിച്ചതിന് പിന്നാലെ മണിയാർ ക്യാംപിന് പുറത്ത് തുടങ്ങിയ നാമജപ യജ്ഞം ഇവരെ കോടതിയിൽ ഹാജരാക്കുന്നത് വരെ നീണ്ടു. പത്തനംതിട്ട മുൻസിഫ് കോടതിക്ക് പുറത്തും നാമജപ പ്രതിഷേധം അരങ്ങേറി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അടക്കമുളള നേതാക്കൾ അറസ്റ്റിലായവരെ കാണാൻ കോടതിയിലെത്തി. സന്നിധാനത്തെ അറസ്റ്റിന് പിന്നാലെ ആദ്യം നാമജപയജ്ഞം തുടങ്ങിയത് ക്ലിഫ് ഹൗസിന് മുന്നിൽ പുലർച്ച ഒരുമണിക്കാണ്. പോലീസിനെതിരായ പ്രതിഷേധം എന്ന നിലക്ക് വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലേക്ക് പെട്ടെന്ന് സമരം വ്യാപിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനു മുന്നിലെ സമരം നയിച്ചത് ബിജെപി ജനറൽ സെക്രട്ടരി ശോഭാ സുരേന്ദ്രൻ.

പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട, തൊടുപുഴ ശൂരനാട് കണ്ണൂർ ടൗൺ, തലശ്ശേരി, എറണാകുളം കാലടി തുടങ്ങിയ സ്റ്റേഷനുകൾക്ക് മുന്നിലും പ്രതിഷേധമുണ്ടായി. അങ്ങാടിപ്പുറത്ത് ശബരിമല കർമസമിതി പ്രവർത്തകർ റോഡ് ഉപരോധിച്ചു. കൊട്ടാരക്കരയിലും കുറ്റിപ്പുറത്തും താമരശ്ശേരിയിലും കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് മുഖ്യമന്ത്രിയെ രാവിലെ യുവമോർച്ചാ പ്രവർത്തകർ തടയാൻ ശ്രമിച്ചു. കോഴിക്കോട് കേരള പത്രപ്രവർത്തക യൂണിയൻ സമ്മേളനം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം.


 

Follow Us:
Download App:
  • android
  • ios