പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടെന്നും മാവോയിസ്റ്റ് ബന്ധവും ആരോപിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവർത്തകരും ദളിത് ആക്റ്റിവിസ്റ്റുകളുമായ അഞ്ച് പേർക്കെതിരെ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്

ദില്ലി: ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതില്‍ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. സിപിഎമ്മും ഇടത് സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ആഹ്വാനം ചെയ്ത പ്രതിഷേധം വൈകിട്ട് ജന്തർ മന്ദറിൽ നടക്കും. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. പുനെയിൽ ഹാജരാക്കിയ അരുൺ ഫെറെറ, വരവര റാവു, വേർനോൺ ഗോൺസാൽവസ് എന്നിവരെ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് വീടുതടങ്കലിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു.

ചൊവാഴ്ചയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടന്ന റെയ്ഡിൽ അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടെന്നും മാവോയിസ്റ്റ് ബന്ധവും ആരോപിച്ചായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവർത്തകരും ദളിത് ആക്റ്റിവിസ്റ്റുകളുമായ അഞ്ച് പേർക്കെതിരെ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇവർ നടത്തിയ ​ഗൂഢാലോചനയെക്കുറിച്ച് തെളിവ് ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. എന്നാൽ എന്തിന് വേണ്ടിയാണ് ​ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാക്കാന്‍ മാത്രം പൊലീസ് തയാറായിട്ടില്ല. അറസ്റ്റ് നടക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ഇവർ പൂനെ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് പൊലീസിന്‍റെ വാദം.

ഇവർക്ക് ലഭിച്ച തെളിവുകൾ റെയി‍ഡിന് മുമ്പ് തന്നെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കൈമാറിയിരുന്നു. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ പിന്നീടറിയാൻ സാധിച്ചില്ല. എന്നാല്‍, അറസ്റ്റ് തടയണമെന്ന ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വലിയ വിമര്‍ശനങ്ങളാണ് വിഷയത്തില്‍ ഉന്നയിച്ചത്. അറസ്റ്റിലായ രണ്ട് പേര്‍ക്ക് വീട്ടുതടങ്കല്‍ അനുവദിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കും അതേ വ്യവസ്ഥ തന്നെ ബാധകമാക്കുന്നതാണ് നല്ലതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട കോടതി അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കിയ രേഖകളുടെ നിയമസാധുത പരിശോധിക്കുമെന്നും വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മീ ടു ക്യാമ്പയിൻ #MeTooUrbanNaxal ട്വിറ്ററില്‍ വലിയ പ്രചാരണമാണ് നേടുന്നത്.

ചലച്ചിത്രകാരനും ബിജെപി അനുഭാവിയുമായ വിവേക് അഗ്നിഹോത്രി അര്‍ബന്‍ നക്‌സല്‍ എന്ന പ്രയോഗത്തെ പ്രതിരോധിക്കുന്നവരുടെ പട്ടിക തയ്യാറാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധങ്ങൾ ഉയര്‍ന്നിരിക്കുന്നത്. തുടർന്ന് #MeTooUrbanNaxal എന്ന ഹാഷ്ടാഗുമായി നിരവധി പ്രമുഖര്‍ രംഗത്തെത്തി. ഞാനും ആധുനിക നക്‌സലാണ് എന്നേയും അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞ് കൊണ്ടാണ് ഹാഷ്ടാഗ് ക്യാമ്പയിന്‍ പുരോഗമിക്കുന്നത്.