രാജ്യസഭാ സീറ്റിനെ ചൊല്ലി ആം ആദ്‍മി പാര്‍ട്ടിയില്‍ തര്‍ക്കം. രൂക്ഷമാകുന്നു. മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസിന് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി
ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ആം ആദ്‍മി പാര്‍ട്ടിയിലെ എറ്റവും പുതിയ തര്‍ക്കവിഷയം. മത്സരിക്കണമെന്ന് കുമാര്‍ വിശ്വാസിന് ആഗ്രഹമുണ്ടെങ്കിലും കെജ്‍രിവാളിന് ഇതില്‍ താല്‍പര്യമില്ല. പാര്‍ട്ടിക്കു പുറത്തു നിന്നുള്ള പ്രമുഖര്‍ക്കായുള്ള തെരച്ചിലിലാണ് കെജ്‍രിവാള്‍. ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ എന്നിവര്‍ക്ക് സീറ്റ് വാഗ്ദാന ചെയ്തെങ്കിലും നിരസിക്കുകയാണുണ്ടായത്. കുമാര്‍ വിശ്വാസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിലേക്ക് വരെ കാര്യങ്ങളെത്തി.
എന്നാല്‍ തന്റെ പേരില്‍ പാര്‍ട്ടിയില്‍ കലാപമുണ്ടാക്കരുതെന്നും വ്യക്തിയെക്കാള്‍ പാര്‍ട്ടിക്കാണ് താന്‍ വില കല്‍പ്പിക്കുന്നതെന്നും കുമാര്‍ വിശ്വാസ് ട്വീറ്റ് ചെയ്തു. കൊല്ലപ്പെട്ടെങ്കിലും അഭിമന്യു യോദ്ധാവ് തന്നെയെന്ന് പറഞ്ഞു കൊണ്ട് അവസാനിക്കുന്ന ട്വീറ്റ് പക്ഷേ വിശ്വാസിന്റെ അതൃപ്തി പ്രകടമാക്കുന്നതായിരുന്നു. ജനുവരി അഞ്ചാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം. നിലവില്‍ മൂന്ന് സീറ്റുകളിലും വിജയിക്കുവാന്‍ കഴിയുമെങ്കിലും രാജ്യസഭയിലേക്കുള്ള മത്സരം ആം ആദ്മിക്ക് തലവേദനയാകുകയാണ് .
