പാലക്കാട്: ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാനത്ത് വ്യാപക അക്രമം. പാലക്കാട് നഗരം കയ്യടക്കിയ പ്രതിഷേധക്കാര്‍ നിർബന്ധിപ്പിച്ച് കടകൾ അടപ്പിച്ചു. കെ എസ് ഇ ബി ഐബിക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.

പാലക്കാട് കൊടുവായൂരിൽ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ മന്ത്രി എ കെ ബാലന്‍ ഉണ്ടെന്ന വിവരത്തിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ ഇവിടേക്ക് എത്തിയത്. ലാത്തി ചാര്‍ജിന് പിന്നാലെ പിരിഞ്ഞ് പോയ പ്രതിഷേധക്കാര്‍ ഇപ്പോള്‍ വീണ്ടും തിരിച്ചെത്തി ഐബിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.